Roal

ബെര്‍ണാഡോ സില്‍വ ബാഴ്സയ്ക്ക് അനുയോജ്യന്‍; സെര്‍ജിയോ അഗ്യൂറോ

ബെര്‍ണാഡോ സില്‍വ ബാഴ്സയ്ക്ക് അനുയോജ്യനായ കളിക്കാരനാണെന്ന് സെര്‍ജിയോ അഗ്യൂറോ. മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ക്ക് ബാഴ്സലോണയിലേക്ക് ചേക്കേറാന്‍ സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി മുന്‍ സിറ്റി താരം പറഞ്ഞു. പോര്‍ച്ചുഗീസ് താരമായ സില്‍വ ബാഴ്സയുടെ പരിശീലകന്‍ സാവിയുടെ ശൈലിക്ക് അനുയോജ്യനാണെന്നും കുന്‍ ചൂണ്ടിക്കാട്ടി. സില്‍വ കാറ്റലന്‍ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് മുന്‍ സിറ്റി ഇതിഹാസത്തിന്റെ പ്രതികരണം. സിറ്റിയുടെ മധ്യനിരയിലെ വിശ്വസ്തനാണ് 28 കാരനായ സില്‍വ. സാമ്പത്തിക പ്രതിസന്ധികള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ബാഴ്സ ഇനി മറ്റൊരു താരത്തെകൂടി സ്വന്തമാക്കാന്‍ ശ്രമിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

‘ബെര്‍ണാഡോ വളരെ മികച്ചൊരു താരമാണ്. അവന്‍ നന്നായി പന്ത് നിയന്ത്രിക്കുന്നു. നല്ല അസിസ്റ്റുകള്‍ നല്‍കാനും, ഗോള്‍ കണ്ടെത്താനും വിവിധ പൊസിഷനുകളില്‍ കളിക്കാനും അവന് സാധിക്കും. സിറ്റിക്ക് എല്ലാ സീസണുകളിലും ഒട്ടേറെ സംഭാവനകള്‍ നല്കുന്ന താരമാണാണ് സില്‍വ. അതുകൊണ്ട് തന്നെ സിറ്റി അവനെ പോകുവാന്‍ അനുവദിച്ചാല്‍ അത് അതിശയകരമാകും. ഇനി അവന്‍ ബാഴ്സയിലേത്തിയാല്‍ സാവിയുടെ പൊസഷന്‍ ശൈലിക്ക് മൈതാനത്ത് കേന്ദ്ര താരമാവുക അവനായിരിക്കും,’ അഗ്യൂറോ കൂട്ടിച്ചേര്‍ത്തു.

തന്റെ ഭാവിയെക്കുറിച്ചുളള അഭ്യൂഹങ്ങളെ കുറിച്ച് സില്‍വ തന്നെ പ്രതികരണം നടത്തി. ‘ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഞാന്‍ ഇവിടെ സന്തുഷ്ടനാണ്. പക്ഷേ ഇനി എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് എനിക്കറിയില്ലാ. ക്ലബ്ബുമായുളള എന്റെ ബന്ധം സത്യസന്ധമാണ്. എനിക്ക് എന്താണ് വേണ്ടതെന്ന് അവര്‍ക്കറിയാം. ഞാന്‍ ഇവിടെ തുടര്‍ന്നാല്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ഞാന്‍ ഈ ക്ലബ്ബിനെ വളരെയധികം ബഹുമാനിക്കുകയും എന്റെ മികച്ച പ്രകടനം ക്ലബ്ബിന് നല്കുകയും ചെയ്യുന്നു. ഇത് ഫുട്ബാളാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം,’ സില്‍വ ഇസ്പിഎന്നിനോട് പറഞ്ഞു. 2017ല്‍ എഫ്സി മോണാക്കോയില്‍ നിന്നാണ് സില്‍വ സിറ്റിയിലേത്തിയത്. സിറ്റിക്കായി 253 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകളും താരം നേടിയിട്ടുണ്ട്

Leave A Reply