Roal

ലോകകപ്പ് വിജയികളെ കാത്തിരിക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിലെ ആദ്യ കളി നാളെ

ദോഹ: ലോകകപ്പ് കിരീട വിജയികളെ കാത്തിരിക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആദ്യമായി പന്തുരുളും.ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ആഡംബര സ്റ്റേഡിയത്തില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരത്തിനാണ് ആദ്യമായി വേദിയാവുന്നത്. ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബറിലാണെങ്കിലും അറബ്ലോകത്തെ ഏറ്റവും വലിയ കളിമുറ്റത്തെ ആദ്യകളിക്ക് സാക്ഷിയാകാന്‍ രാജ്യത്തെ ഫുട്ബാള്‍ പ്രേമികള്‍ ആവേശത്തിലാണ് . സ്റ്റാര്‍സ് ലീഗിലെ ദോഹ ഡെര്‍ബി എന്ന് വിശേഷിപ്പിക്കുന്ന പോരാട്ടമായ അല്‍ അറബിയും അല്‍ റയ്യാനും തമ്മിലാണ് അങ്കം നടക്കുന്നത് . വ്യാഴാഴ്ച രാത്രി 7.40ന് മത്സരത്തിന് കിക്കോഫ് കുറിക്കും.

ലോകകപ്പിനായി ഒരുക്കിയ എട്ടില്‍ ഏഴ് സ്റ്റേഡിയവും ഇതിനകം ഉദ്ഘാടനം കഴിഞ്ഞ് നിരവധി മത്സരങ്ങള്‍ക്ക് വേദിയായപ്പോള്‍, കൊടിയേറ്റത്തിനായി കാത്തിരിക്കുകയാണ് പ്രധാന വേദിയായ ലുസൈല്‍ സ്റ്റേഡിയം .
ഡിസംബര്‍ 18ന് ലോകകപ്പിന്‍റെ കിരീട വിജയികളെ നിര്‍ണയിക്കുന്ന സ്റ്റേഡിയം എന്ന പ്രത്യേകതകൂടി 80,000 ഇരിപ്പിട ശേഷിയുള്ള ലുസൈലിനുണ്ട്.മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍റാണുള്ളത്. ഓണ്‍ലൈന്‍വഴി വിറ്റ ടിക്കറ്റുകള്‍, ചൊവ്വാഴ്ച മുതല്‍ കിട്ടാനില്ല. ലീഗിലെ മറ്റു മത്സരങ്ങള്‍ക്കൊന്നുമില്ലാത്ത വിധമാണ് ലുസൈലിലെ ആദ്യ മത്സരത്തിനായി ആരാധകരുടെ ഇടി.

നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതോടെ, കാണികള്‍ നിറയുന്ന അങ്കം, സ്റ്റേഡിയത്തിന്‍റെ ട്രയല്‍റണ്‍ ആക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. സ്റ്റാര്‍സ് ലീഗ് മത്സരത്തിനുശേഷം, സൗദി പ്രോ ലീഗ് ജേതാക്കളായ അല്‍ ഹിലാലും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളും തമ്മില്‍ ലുസൈല്‍ കപ്പ് മത്സരവും ഇവിടെ നിശ്ചയിച്ചിട്ടുണ്ട്. ഇതോടൊപ്പം ലോകപ്രശസ്ത ഗായക സംഘത്തിന്‍റെ സംഗീതവിരുന്നുമുണ്ടാവും.

Leave A Reply