Roal

പെരിയാറിലേക്കുള്ള ജലപ്രവാഹം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു

എറണാകുളം: ഡാമുകളിൽ നിന്നും പെരിയാറിലേക്കുള്ള ജലപ്രവാഹം വർധിക്കുന്ന സാഹചര്യത്തിൽ കളക്ടറേറ്റിലെ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്ററിൽ ജില്ലാ കളക്ടർ ഡോ. രേണു രാജ് അടിയന്തര യോഗം വിളിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും തഹസിൽദാർമാരും ഓൺലൈനിൽ യോഗത്തിൽ പങ്കെടുത്തു.
ഇടുക്കിക്ക് പിന്നാലെ ഇടമലയാ൪ അണക്കെട്ടിൽ നിന്നും ചൊവ്വാഴ്ച ( ഓഗസ്റ്റ് 09) രാവിലെ ജലമൊഴുക്കുന്ന സാഹചര്യത്തിൽ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാ൯ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ.
ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാ൪ തീരത്ത് ജാഗ്രത അനിവാര്യമാണ്
ഇടുക്കിയിൽ നിന്നും നാളെ 500 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുക്കുമെന്നാണ് സൂചന. ഇടമലയാറിൽ നിന്നും നാളെ (ഓഗസ്റ്റ 09) രാവിലെ 10 മണിക്ക് 50 മുതൽ 100 ക്യുമെക്സ് വരെ ജലം പെരിയാറിലേക്ക് ഒഴുക്കും.
കാലാവസ്ഥ റിപ്പോർട്ട് പ്രകാരം ജില്ലയിൽ അടുത്ത മൂന്ന് ദിവസവും ഗ്രീന് അലർട്ടാണ്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഡാമുകളിൽ നിന്നുള്ള വെള്ളത്തെ ഉൾക്കൊള്ളാ൯ പെരിയാറിനാകുമെന്നാണ് കരുതുന്നത്.
ഇടുക്കിയിൽ നിന്നുള്ള ജലപ്രവാഹം നിയന്ത്രിതമായ തോതിലായതിനാൽ ജില്ലയിലെ പെരിയാർ തടത്തിൽ ഇന്ന് (08/08/22) കാര്യമായി പ്രതിഫലിച്ചിട്ടില്ല. എന്നാൽ വൈകിട്ട് മുതൽ 300 ക്യുമെക്സ് നിരക്കിലാണ് വെള്ളം പുറന്തള്ളുന്നത്.
മുല്ലപ്പെരിയാര് അണക്കെട്ടിൽ നിന്നെത്തുന്ന വെള്ളത്തിന് പുറമെ ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം തുറന്നു വിടുന്നത്. ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നുമുള്ള ജലം ഭൂതത്താ൯കെട്ട് ബാരേജ് പിന്നിട്ട് മലയാറ്റൂർ, കാലടി വഴിയാണ് ആലുവയിലേക്കും തുടർന്ന് വേമ്പനാട് കായലിലേക്കുമെത്തുന്നത്.
നിലവിൽ പെരിയാറിലും കൈ വഴികളിലും വലിയ തോതിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറവാണെങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പെരിയാർ തീരമേഖലയിൽ മൈക്ക് അനൗൺസ്മെന്റ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. ചൊവ്വാഴ്ച്ച അവധിയാണെങ്കിലും ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാവരും പ്രവർത്തനരംഗത്തുണ്ടാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
നേര്യമംഗലം മുതൽ പെരിയാറിലെ ജലനിരപ്പ് നിരീക്ഷിക്കാന് ജലസേചന വകുപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൂയംകുട്ടി, തട്ടേക്കാട് തുടങ്ങിയ മേഖലകളിലും ജലനിരപ്പ് നിരീക്ഷിക്കും. ഭൂതത്താന്കെട്ട്, മലയാറ്റൂർ, കാലടി, ആലുവ മാർത്താണ്ഡവർമ്മ, മംഗലപ്പുഴ എന്നിവിടങ്ങളിലും 24 മണിക്കൂറും ജലനിരപ്പ് അളക്കുന്നുണ്ട്. പൊലീസിന്റെയും ഫയർ ആന്റ് റെസ്ക്യു സർവീസസിന്റെയും പട്രോളിംഗുമുണ്ടാകും.
പെരിയാർ നദിയും കൈവഴികളും കടന്നു പോകുന്ന സ്ഥലങ്ങളിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണമുണ്ട്. നദിയിൽ ഇറങ്ങുന്നത് കർശനമായി തടയും. 21 അംഗ ദേശീയ ദുരന്ത പ്രതികരണ സേന ജില്ലയിൽ എത്തിയിട്ടുണ്ട്. സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെന്ന് തോന്നുന്ന സ്ഥലങ്ങളിൽ സേനയെ വിന്യസിക്കും. പെരിയാർ നദിയിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ക്യാമ്പുകൾ തുടരും.
യോഗത്തിൽ എറണാകുളം റൂറൽ എസ്. പി വിവേക് കുമാർ, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം ) ഉഷ ബിന്ദുമോൾ, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ ബാജി ചന്ദ്രൻ, തഹസീൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
Leave A Reply