Roal

സാമ്ബത്തിക പ്രതിസന്ധി; കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ശ്രീലങ്കന്‍ കായിക താരങ്ങൾ മുങ്ങി

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ശ്രീലങ്കന്‍ കായിക സംഘത്തെ കാണാതായതായി റിപ്പോര്‍ട്ടുകൾ . ഒന്‍പത് അത്‌ലറ്റുകളും ഒരു മാനേജറും അടങ്ങുന്ന സംഘമാണ് മത്സരങ്ങള്‍ക്കു പിന്നാലെ മുങ്ങിയത്.
ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നത്തിനിടെ ബ്രിട്ടനില്‍ തന്നെ കഴിയാനായാണ് ഇവര്‍ പദ്ധതിയിടന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജുഡോ താരം ചാമില ദിലാനി, മാനേജര്‍ അസേല ഡി സില്‍വ, റെസ്‌ലിങ് താരം ഷാനിത് ചതുരങ്ക എന്നിവരെയാണ് ആദ്യം കാണാതാവുന്നത്. പിന്നാലെ മറ്റ് ഏഴുപേര്‍ കൂടി മുങ്ങിയതായി ശ്രീലങ്കന്‍ വൃത്തങ്ങള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം ആഗ്രഹിച്ച്‌ എവിടെയെങ്കിലും ജോലി തരപ്പെടുത്തി ബ്രിട്ടനില്‍ തന്നെ കഴിയാനാകും താരങ്ങള്‍ നോക്കുന്നതെന്നാണ് സംശയിക്കുന്നത്.

ആകെ 160 പേരാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനായെത്തിയ ശ്രീലങ്കന്‍ സംഘത്തിലുണ്ടായിരുന്നത് . താരങ്ങള്‍ മുങ്ങാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് എല്ലാവരുടെയും പാസ്‌പോര്‍ട്ടുകള്‍ കായികവൃത്തങ്ങള്‍ വാങ്ങിവച്ചിരുന്നു. എന്നാല്‍, ഇത് മറികടന്നാണ് പത്തോളം പേര്‍ രക്ഷപ്പെട്ടത്. അതിനിടെ, കാണാതായ മൂന്നു താരങ്ങളെ ബ്രിട്ടീഷ് പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ് നിയമം ലംഘിച്ചില്ലെന്നും ആറു മാസത്തെ വിസയുള്ളവരാണെന്നും കണ്ട് ഇവര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍, താരങ്ങളെ കാണാതായതിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയമോ പൊലീസോ തയാറായില്ല.

Leave A Reply