Roal

അച്ഛന്റെ ക്രൂരമര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുവയസ്സുകാരി ആശുപത്രിയില്‍

അച്ഛന്റെ ക്രൂരമര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുവയസ്സുകാരി ആശുപത്രിയില്‍. ഹൈദരാബാദ് സ്വദേശികളായ ദമ്പതിമാരുടെ മകളെയാണ് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ചയാണ് മൂന്നുവയസ്സുള്ള കുട്ടിയെ അച്ഛന്‍ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കുളിമുറിയില്‍ കളിച്ചുകൊണ്ടിരുന്നതിന് അച്ഛന്‍ മകളെ തവി കൊണ്ട് പൊതിരെതല്ലുകയായിരുന്നു. കുളിമുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടാണ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദിച്ചതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ നിലത്തേക്ക് തള്ളിയിട്ടതായും തറയിലിട്ട് മര്‍ദിച്ചതായും അമ്മയുടെ പരാതിയിലുണ്ട്. പരിക്കേറ്റ കുട്ടിയെ അമ്മ തന്നെയാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ പ്രതിയായ അച്ഛനെതിരേ വധശ്രമവും ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.

2015-ലാണ് പരാതിക്കാരിയായ സ്ത്രീയും പ്രതിയും വിവാഹിതരായത്. മര്‍ദനമേറ്റ് ചികിത്സയിലുള്ള കുട്ടി ഉള്‍പ്പെടെ ദമ്പതിമാര്‍ക്ക് നാല് പെണ്‍മക്കളാണുള്ളത്. പരാതിക്കാരിയായ സ്ത്രീ നിലവില്‍ എട്ടുമാസം ഗര്‍ഭിണിയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം, ചികിത്സയിലുള്ള കുട്ടിയെ പിതാവ് നിരന്തരം മര്‍ദിച്ചിരുന്നതായി ഇവരുടെ ബന്ധുവായ യുവതിയും പ്രതികരിച്ചു. കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്നവിവരമെന്നും പ്രതിക്ക് കടുത്തശിക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Leave A Reply