ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം, ജില്ലാതല അദാലത്തില്‍ തീര്‍പ്പാക്കിയത് 1005 ഫയലുകൾ

‍കാസർകോഡ്: കെട്ടിക്കിടക്കുന്ന ഫയലുകള് മൂന്ന് മാസത്തിനകം തീര്പ്പാക്കണമെന്ന സംസ്ഥാന സര്ക്കാരിന്റെ നിര്ദേശ പ്രകാരമുള്ള ഫയല് തീര്പ്പാക്കല് തീവ്രയജ്ഞത്തിന്റെ ഭാഗമായി കളക്ടറേറ്റില് ജില്ലാതല ഫയല് അദാലത്ത് സംഘടിപ്പിച്ചു.
അദാലത്തില് പരിഗണിച്ച 1241 ഫയലുകളില് 1005 ഫയലുകള് തീര്പ്പാക്കി. ബാക്കിയുള്ളവ അടുത്ത അദാലത്തില് പരിഗണിക്കും. വില്ലേജ്, താലൂക്ക്, ആര്.ഡി.ഒ, സബ് ഓഫീസ് തലങ്ങളില് അദാലത്തുകള് നേരത്തെ പൂര്ത്തിയാക്കിയിരുന്നു. ജൂലൈ ഒന്ന് മുതല് 15 വരെ വില്ലേജ് ഓഫീസുകളിലും, ജൂലൈ 19,20,21 തീയ്യതികളില് താലൂക്ക് തലത്തിലും 25,26 തീയതികളില് ആര്.ഡി.ഒ തലത്തിലും 27ന് സബ് ഓഫീസുകളിലും ആദ്യഘട്ട അദാലത്തുകള് പൂര്ത്തിയായി. ഇതിനുശേഷമാണ് ജില്ലാതല അദാലത്ത് ആരംഭിച്ചത്.
2021 ഡിസംബര് 31 വരെയുള്ള കുടിശ്ശിക ഫയലുകളില് അദാലത്ത് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള് 15,925 ഫയലുകള് ഇതുവരെ തീര്പ്പാക്കി. 51,554 ഫയലുകളാണ് ഇനി തീര്പ്പാക്കാനുള്ളത്.
കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് ജില്ലാ കളക്ടര് ഭണ്ഡാരി സ്വാഗത് രണ്വീര്ചന്ദ് അദാലത്ത് ഉദ്ഘാടനം ചെയ്തു. പെട്ടെന്ന് തീര്പ്പാക്കാനാവുന്ന ഫയലുകള് ആദ്യം തീര്പ്പാക്കണമെന്നും സങ്കീര്ണമായവ പരിഹരിക്കുന്നതിന് മറ്റൊരാളുടെ സഹായം തേടാമെന്നും ജില്ലാ കളക്ടര് പറഞ്ഞു. എഡിഎം എ.കെ.രമേന്ദ്രന്, ഹുസൂര് ശിരസ്തദാര് കെ.ജയ്ദീപ് എന്നിവര് അദാലത്തിന് നേതൃത്വം നല്കി.
ജൂണ് 15ന് ആരംഭിച്ച ഫയല് തീര്പ്പാക്കല് തീവ്രയജ്ഞം സെപ്തംബര് 30 വരെയാണ് തുടരുക. ഉദ്ഘാടനച്ചടങ്ങില് എന്ഡോസള്ഫാന് ദുരിതം അനുഭവിക്കുന്ന രണ്ട് കുടുംബങ്ങള്ക്ക് ഉള്പ്പെടെ പത്ത് പേര്ക്ക് ജില്ലാ കളക്ടര് ഭണ്ഡാരി സ്വാഗത് രണ്വീര്ചന്ദ് പട്ടയം വിതരണം ചെയ്തു.
Leave A Reply