കൂത്തുപറമ്പ്; സുഭിക്ഷ കേരളം പദ്ധതിയുടെ ഘടക പദ്ധതിയായ ‘വീട്ടുവളപ്പില്‍ പടുതാക്കുള’ത്തിന്റെ ഭാഗമായി മാലൂര്‍ കുണ്ടേരിപ്പൊയില്‍ സ്വദേശി പാറാലി പവനന് നടത്തിയ മത്സ്യകൃഷി പൂര്‍ണവിജയം. രണ്ട് സെന്റിലാണ് കുളം ഒരുക്കി കൃഷി ചെയ്തത്. കഴിഞ്ഞ ജൂലൈയില്‍ നിക്ഷേപിച്ച 1000 മത്സ്യക്കുഞ്ഞുങ്ങള്‍ ഇപ്പോള്‍ വിളവെടുപ്പിന് പാകമായി.
ആസാം വാളയാണ് പവനന്റെ കുളത്തിലുള്ളത്. രണ്ട് ക്വിന്റലോളം മത്സ്യം വിറ്റു. പെല്ലറ്റ് തീറ്റ കൊടുത്ത് വളര്‍ത്തുന്നതിനാല്‍ ആവശ്യക്കാരേറെയാണ്. പടുതാക്കുളം നിര്‍മിക്കാനും അനുബന്ധ പ്രവൃത്തികള്‍ക്കും ചെലവ് വരുമെങ്കിലും പിന്നീടങ്ങോട്ട് ലാഭമുള്ള സംരംഭമാണിതെന്ന് പവനന് പറയുന്നു. വെള്ളം കളഞ്ഞ് ദിവസവും കുളം വൃത്തിയാക്കാറുണ്ട്. ഈ വെള്ളം നഴ്സറിയിലെ തൈകള്‍ നനക്കാന്‍ ഉപയോഗിക്കും.
ഗ്രാമ, ജില്ലാ പഞ്ചായത്തുകള്‍, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന പദ്ധതിയാണ് പടുതാക്കുളത്തില്‍ മത്സ്യകൃഷി. ഫിഷറീസ് വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്. 1.23 ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് പദ്ധതിക്ക് ചെലവാകുന്ന തുക. ഇതിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. ഗ്രാമ, ജില്ലാ പഞ്ചായത്തുകള്‍, ഫിഷറീസ് വകുപ്പ് എന്നിവ തുല്യ മൂന്ന് വിഹിതമായാണ് സബ്സിഡി ലഭ്യമാക്കുക. കൃഷിക്കായി 1000 മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് നല്‍കും.