സജീവന്റേത് കസ്റ്റഡി മരണം; ശരീരത്തില്‍ പരുക്കുകളാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്
വടകര: സജീവന്റേത് കസ്റ്റഡി മരണമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. സജീവന്റെ ശരീരത്തില്‍ ചതവുകള്‍ ഉള്‍പ്പെടെ 11 മുറിവുകളുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സബ് ഇന്‍സ്പക്ടര്‍ എം നിജേഷ്, സിപിഒ ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സജീവന്റെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.
സജീവന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടിയിരുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല് ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.