മണല്‍ വാരാന്‍ അനുമതി നല്‍കാത്തതാണ് ഡാമുകള്‍ പെട്ടെന്ന് നിറയാന്‍ കാരണം; വ്യാപാരി വ്യവസായി ഏകോപന സമിതി

ഇടുക്കി: ഡാമുകളിലെ മണല്‍ വാരാന്‍ അനുമതി നല്‍കാത്തതാണ് ഡാമുകള്‍ പെട്ടെന്ന് നിറയാന്‍ കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. മഴ പെയ്യുമ്പോള്‍ തന്നെ പൊന്‍മുടി, കല്ലാര്‍കുട്ടി, കല്ലാര്‍, മലങ്കര ഡാമുകള്‍ പെട്ടെന്ന് നിറയും. ചെളിയും, മണ്ണും, മണലും വന്നടിഞ്ഞ് ഡാമിന്റെ ജലസംഭരണശേഷി കുറയുന്നതാണ് കാരണം. ഇവ വാരിമാറ്റാനുള്ള അനുമതി നല്‍കാന്‍ തയാറായാല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുകയും ജനങ്ങള്‍ക്ക് മണലിന്റെ ദൗര്‍ലഭ്യം കുറയുകയും, ഡാമുകളുടെ ജലസംഭരണശേഷി വര്‍ദ്ധിക്കുകയും ചെയ്യും.

അതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള ഭീഷണി ഇല്ലാതാകുമെന്നു0, മണല്‍ വാരാന്‍ അടിയന്തരമായി സര്‍ക്കാര്‍ അനുമതി നല്‍കണമെന്നു0 ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാവര്‍ക്കിംഗ് പ്രസിഡന്റ് കെ. ആര്‍.വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്ത്പറമ്പില്‍, ട്രഷറര്‍ ആര്‍. രമേശ്, വൈസ് പ്രസിഡന്റ്മാരായ വി.കെ.മാത്യു, പി. എം.ബേബി, സി. കെ. ബാബുലാല്‍, തങ്കച്ചന്‍ കോട്ടയ്ക്കകം, ആര്‍. ജയശങ്കര്‍, സിബി കൊല്ലംകുടിയില്‍, സെക്രട്ടറിമാരായ വി. ജെ.ചെറിയാര്‍, പി. കെ. ഷാഹുല്‍ ഹമീദ്, ഷാജി കാഞ്ഞമല, വി.എസ്. ബിജു, ജോസ് കുഴികണ്ടം, പി. കെ. മാണി, എന്‍. ഭദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Leave A Reply