ചാലക്കര പുരുഷു
തലശ്ശേരി: കഴുത്തിൽ നീലക്കല്ലുകൾ പതിച്ച നീളമുള്ള മക്കത്തെ മാലയും ,കാതിൽ മരതക കമ്മലുമണിഞ്ഞ് ,വീതിയേറിയ കരയുള്ള മുണ്ടും നിളൻ. ബ്ലൗസുമണിഞ്ഞ് മാളിയേക്കൽ തറവാട്ടിലെ ഉമ്മറത്ത് കണ്ണട പോലും വെക്കാതെ ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുന്ന മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മ മാത്രം.
സഹനത്തിന്റെ കനല്‍വഴികൾ താണ്ടിയാണ് ഈ മുത്തശി ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയത്. പൊരുതിനേടിയ അക്ഷരങ്ങളില്‍ പ്രായം തളര്‍ത്താത്ത കരുത്തുണ്ട് മാളിയേക്കല്‍ മറിയുമ്മക്ക്.
ദി ഹിന്ദു പത്രം തൊണ്ണൂറ്റി യേഴാം വയസ്സിലും മണി മണി പോലെ വായിക്കുന്ന മാളിയേക്കല്‍ മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനതകളില്ല. മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച കാലത്ത് മുസലിയാരുടെ മകൾ, കോട്ടക്കടുത്ത കോണ്‍വെന്റ് ഇംഗ്ലീഷ് സ്കൂളിലേക്ക് പോകുന്നത് യാഥാസ്ഥിതികർക്ക് സഹിക്കാനാവുമായിരുന്നില്ല. പരിഹാസവും ശകാരവര്‍ഷവും മാത്രമല്ല, മുഖത്ത് കാർക്കിച്ച് തുപ്പുകയും ചെയ്തതോടെ മാനസികമായി തളർന്നു പോയിരുന്നു. കണ്ടുംകേട്ടും ധാരാളം കണ്ണീരൊഴുക്കിയിട്ടുണ്ട് അക്കാലത്ത്.
തലശേരി മാളിയേക്കല്‍ തറവാട്ടിലിരുന്ന് ഇംഗ്ലീഷ് മറിയുമ്മ ജീവിതം പറയുമ്പോഴൊക്കെ, നിലനിന്ന സമ്പ്രദായങ്ങള്‍ തട്ടിനീക്കി മുന്നേറിയ ധീരവനിതയുടെ ചിത്രമാണ് ആരുടേയും മനസില്‍ പതിയുക. 1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്കൂളിലെ ക്ലാസില്‍ ഏകമുസ്ലിംപെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മ’. റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെധരിച്ചാണ് സ്കൂളില്‍ പോവുക. ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. യാഥാസ്ഥിതികരുടെ ശല്യം അസഹ്യമായപ്പോള്‍ കോണ്‍വെന്റില്‍ തന്നെ പ്രാര്‍ഥനക്കും ഭക്ഷണം കഴിക്കാനും പിതാവ് സൗകര്യം ഏര്‍പ്പെടുത്തി.
ഉപ്പ ഒ വി അബ്ദുള്ള സീനിയറും, ഗ്രാന്റ് മദര്‍ ബീഗം തച്ചറക്കല്‍ കണ്ണോത്ത് അരീക്കസ്ഥാനത്ത് പുതിയമാളിയേക്കല്‍ ടിസി കുഞ്ഞാച്ചുമ്മയുമാണ് ധൈര്യംതന്നത്. വിവാഹശേഷം പഠിക്കാന്‍ ഭര്‍ത്താവ് വി ആര് മായിനലിയും പ്രോത്സാഹിപ്പിച്ചു. ഈ തറവാട്ടില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസംനേടിയത് സഹോദരിമാരായ ആയിഷ റൗഫ്, ഡോ: ആമിന ഹാഷിം, അലീമ അബൂട്ടി എന്നിവരാണ്. സ്കൂളിലയച്ചതിന്റെ പേരില്‍ അവരുടെ ഉപ്പയെ കാഫിര്‍ കുഞ്ഞിമായന്‍ എന്നാണ് യാഥാസ്ഥിതികര്‍ വിളിച്ചത്.
ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാന്‍ പ്രചോദനമായത് ഈ സഹോദരിമാരായിരുന്നു.. ആമിനഹാഷിം അലിഗഡില്‍ പോയാണ് എംബിബിഎസ് പഠിച്ചത്. ഖിലാഫത്ത്പ്രസ്ഥാനത്തില്‍ പങ്കെടുത്ത ദേശീയവാദിയായ ഉപ്പ വിലക്കുകള്‍ക്ക് ഒരുവിലയും കല്പിച്ചില്ലെന്ന് മാത്രം. അവകാശം എന്നത് എല്ലാവര്ക്കും ഒരു പോലെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതാണെന്നാണ് അന്നും ഇന്നും നിലപാടെന്ന് മറിയുമ്മ പറയാറുണ്ട്.അവിടെ ആണെന്നോ പെണ്ണോന്നോ ഉള്ള ഭേദചിന്തയുണ്ടാവരുത്.
കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ഷേക് അബ്ദുള്ളയുടെ സാന്നിധ്യത്തില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ മറിയുമ്മക്ക് അവസരമുണ്ടായിട്ടുണ്ട്.
വിദ്യാഭ്യാസത്തില്‍ മാത്രമല്ല, പൊതുരംഗത്ത് മുസ്ലിംസ്ത്രീകള്‍ ഇറങ്ങുന്നതിലും വലിയ എതിര്‍പ്പായിരുന്നു. എംഇഎസിന്റെ വാര്‍ഷികയോഗത്തില്‍ മാളിയേക്കലില്‍നിന്നുള്ള സ്ത്രീകള്‍ പങ്കെടുത്തപ്പോള്‍ മുസ്ലിംലീഗുകാരാണ് മര്‍ദിച്ചത്. അതില്‍ ഭയന്ന് പൊതുരംഗത്തുനിന്ന് പിന്മാറിയില്ല. ആലപ്പുഴയില്‍ എംഇഎസ് വാര്‍ഷികയോഗം നടന്നപ്പോള്‍ മാളിയേക്കലില്‍ നിന്ന് ഒരു ബസ്സിലാണ് സ്ത്രീകള്‍ പോയത്.
എല്ലാ ജാതിമതത്തില്‍പെട്ട വനിതകളും ഒത്തുകൂടുന്ന കേന്ദ്രമായിരുന്നു ടി സി കുഞ്ഞാച്ചുമ്മ സ്ഥാപിച്ച തലശേരി മുസ്ലിം മഹിളസമാജം. പലവിധത്തിലുള്ള എതിര്‍പ്പുകള്‍ നേരിട്ടാണ് മഹിളസമാജവും പ്രവര്‍ത്തിച്ചത്. മാളിയേക്കലിലെ പെണ്ണുങ്ങള് നേടിയ അക്ഷരജ്ഞാനം സമൂഹത്തിന് വെളിച്ചമായിട്ടുണ്ട്. പിഎന്‍ പണിക്കറുടെ അഭ്യര്‍ഥന പ്രകാരം മാളിയേക്കലില്‍ തന്നെ സാക്ഷരതകേന്ദ്രം തുടങ്ങി അക്ഷരാഭ്യാസം നല്കിയ ചരിത്രവുമുണ്ട്. തലശേരി നഗരസഭ മുന്‍ ചെയര്മാന് ആമിനമാളിയേക്കലിന്റെ ഉമ്മ പി എന്‍ നഫീസയാണ് ജാതിമതഭേദമില്ലാതെ എത്രയോ പേരെ പഠിപ്പിച്ചത്. അങ്ങനെ പഠിച്ച് ജോലിലഭിച്ചവരും നിരവധിയാണ്. കലകളുടെ കേദാരമാണ് നാലുകെട്ടും, നടുമുറ്റവുമുള്ള മാളിയേക്കൽ തറവാട്.
കളരി, നീന്തൽ, കോൽക്കളി എന്നിവയിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. സംഗീതത്തിലും, നൃത്തത്തിലുമെല്ലാം ഇവിടുത്തെ സ്ത്രീകള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എത്രയോ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് കാലത്ത് മാളിയേക്കലിലെ വനിത ഗായകസംഘം തെരുവിലിറങ്ങാറുണ്ട്. മാളിയേക്കലെ വോട്ടും, പാട്ടും മതി എനിക്ക് ജയിച്ചു കയറാനെന്ന് മുൻ മുഖ്യമന്ത്രി നായനാർ തലശ്ശേരിയിൽ മത്സരിച്ചപ്പോൾ പൊതുവേദിയിൽ പറഞ്ഞിട്ടുണ്ട്.
പുരോഗമനഇടതുപക്ഷ ആശയങ്ങളുമായി എന്നും സഹകരിച്ചിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി ഞാനൊരു കോണ്‍ഗ്രസുകാരിയാണെന്ന് പറയാനും മറിയുമ്മക്ക് മടിയുണ്ടായിരുന്നില്ല.
‘നന്നായി പഠിക്ക് .. പണി വാങ്ങിക്ക് .. പറ്റിയ ആളെ എപ്പോഴെങ്കിലും കിട്ടിയാൽ മാത്രം മംഗലം കയിച്ചോ.’ ‘മുസലിയാരുടെ മകളായി ജനിച്ച്, യാഥാസ്ഥിതിക സമൂഹത്തിൽ വളർന്ന്, കടുത്ത എതിർപ്പുകളെ മറികടന്ന്, ‘മലബാറിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച മുസ്ലിം പെൺകുട്ടിയായി മാറിയ മാളിയേക്കൽ മറിയുമ്മ പുതുതലമുറയിലെ പെൺകുട്ടികൾക്ക് നൽകാറുള്ള ഉപദേശമാണിത്.