ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ശക്തി മഹാത്മജിയുടെ ആശയങ്ങളായിരുന്നു- മന്ത്രി അഹമ്മദ് ദേവര്‍കോവിൽ

എറണാകുളം: കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്ത്തനങ്ങളുടെ ഏറ്റവും വലിയ ശക്തി മഹാത്മജിയുടെ ആശയങ്ങളായിരുന്നെന്ന് തുറമുഖം,പുരാവസ്തു, പുരാരേഖ, മ്യൂസിയം, വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവില്.
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്ഷികത്തോടനുബന്ധിച്ചു നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടികളുടെ ഭാഗമായി ‘ഗാന്ധിജിയും കേരളത്തിലെ ദേശീയ പ്രസ്ഥാനവും’ എന്ന വിഷയത്തില് സംസ്ഥാന പുരാവസ്തു വകുപ്പ് സംഘടിപ്പിച്ച സെമിനാര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ മുന്നേറ്റമെന്ന നിലയില് സ്വാതന്ത്ര്യ സമരത്തിന് കേന്ദ്രീകൃത സ്വഭാവം കൈവരുന്നതിനു മുന്പ് കോളനിവത്കരണത്തിനെതിരെ രാജ്യത്ത് നടന്ന വിവിധ പ്രവര്ത്തനങ്ങളെയും സ്വാതന്ത്ര്യസമരമായി കാണേണ്ടതുണ്ട്. ഏതൊരു രാജ്യത്തിനും ആ രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നത് ഏറ്റവും മഹത്തരമാന്നെന്നും സ്വാതന്ത്ര്യ സമരമെന്ന മഹത്തായ സമര പരമ്പരയേയും അതില് പങ്കാളികളായ നൂറ് കണക്കായ വ്യക്തികളെയും ഓര്ക്കാനുള്ള സന്ദര്ഭമാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.
ചമ്പാരനിലെ നീലം കര്ഷകരുടെ പ്രശ്‌നങ്ങള് ഏറ്റെടുത്ത് കൊണ്ടാണ് ഗാന്ധിജി ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വന്നത്. കര്ഷകരുടെ പ്രശ്‌നങ്ങള് ഏറ്റെടുക്കുന്നതും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് ഇതിലൂടെ ഗാന്ധിജി പ്രഖ്യാപിക്കുകയായിരുന്നു. കാര്ഷിക സമരങ്ങള് സ്വാതന്ത്ര്യസമരമാണോ എന്ന ചര്ച്ച ഉയര്ന്നുവരുന്ന വര്ത്തമാനകാലത്ത് ഇക്കാര്യം പ്രത്യേകം ഓര്ക്കേണ്ടതുണ്ട്. എല്ലാ തരത്തിലുള്ള ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങളെ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കണ്ട് അതില് ഇടപെടുകയും ചെയ്തു. ബ്രിട്ടീഷുകാര് ജനങ്ങളെ ഭിന്നിപ്പിക്കാന് ശ്രമിച്ചപ്പോള് അദ്ദേഹം എല്ലാവരെയും ഒന്നിപ്പിക്കാന് ശ്രമിക്കുകയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
തൃപ്പൂണിത്തുറ ഹില്പാലസ് മ്യൂസിയത്തില് നടന്ന പരിപാടിയില് അനൂപ് ജേക്കബ് എം.എല്.എ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമാ സന്തോഷ് മുഖ്യാത്ഥിതിയായി. മുന് എം.പിയും മാധ്യമ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യന് പോള് വിഷയാവതരണം നടത്തി. നഗരസഭ കൗണ്സിലര് സി.കെ ഷിബു, പുരാവസ്തു വകുപ്പ് ഡയറക്ടര് ഇ. ദിനേശന്, പൈതൃക പഠനകേന്ദ്രം ഡയറക്ടര് ഡോ. എം.ആര് രാഘവന്, പുരാവസ്തു വകുപ്പ് വിദ്യഭ്യാസ ഓഫീസര് കെ.വി ശ്രീനാഥ് തുടങ്ങിയവര് സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗാന്ധിജിയുടെ കേരള പര്യടനം എന്ന വിഷയത്തില് എറണാകുളം സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്ത്ഥികളുടെ രംഗാവിഷ്‌കാരവും ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.
Leave A Reply