കൊല്ലം: ഡ്രൈ ഡേയുമായി ബന്ധപ്പെട്ടു ജില്ലയില്‍ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ അബ്കാരി കേസുകളിലായി 17 പേരെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തു. ഒരു ദിവസംതന്നെ ജില്ലയില്‍ ഇത്രയധികം അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടുത്ത കാലത്തു ആദ്യമാണ്.പരിശോധനയില്‍ ആകെ 81.600 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 3 ലിറ്റര്‍ വ്യാജ മദ്യം എന്നിവ പിടിച്ചെടുത്തു.
കൂടാതെ വിവിധ കേസുകളിലായി അനധികൃത മദ്യം കച്ചവടം ചെയ്ത വകയില്‍ 4510 രൂപയും, മദ്യ വില്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടര്‍ എന്നിവ തൊണ്ടി ഇനത്തില്‍ പിടികൂടി.വ്യാജ മദ്യം വില്പന നടത്തിയ കുറ്റത്തിന് മലനട സ്വദേശി പുഷ്പാങ്കതനെതിരെ ശാസ്താംകോട്ട റേഞ്ചില്‍ കേസ് എടുത്തു. പുനലൂര്‍ സര്‍ക്കിള്‍ പരിധിയില്‍ അഞ്ചല്‍ സ്വദേശി വിനോദിനെതിരെ (34) കേസെടുത്തു.കുന്നത്തൂര്‍ സര്‍ക്കിളില്‍ മദ്യക്കച്ചവടം ചെയ്ത കുറ്റത്തിന് സബ് പാപ്പച്ചന് എന്നയാളെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സര്‍ക്കിളില്‍ ഓടനാവട്ടം സ്വദേശി സോമരാജന് (62) എന്നയാളെ മദ്യക്കച്ചവടം ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്തു.
കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ബി. സുരേഷിന്റെ നിര്‍ദേശാനുസരണം നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയ കേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ വി റോബര്‍ട്ട് അറിയിച്ചു.