യുഎഇയില്‍ വിപിഎന്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക്‌ മുന്നറിയിപ്പ്‌

ദുബായ്: യുഎഇയില്‍ വിപിഎന്‍ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി . യുഎഇ സൈബര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 10 പ്രകാരം വിപിഎന്‍ ദുരുപയോഗം ചെയ്യുന്ന ആളുകള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം മുതല്‍ രണ്ട് ദശലക്ഷം ദിര്‍ഹം വരെ പിഴയും, തടവും ലഭിക്കാന്‍ സാധ്യത.ഡേറ്റിംഗ്, ചൂതാട്ടം, പോണ്‍ സൈറ്റ് സന്ദര്‍ശനം, ലഹരി മരുന്നുകള്‍ എന്നിവയ്ക്കും വിപിഎന്‍ ഉപയോഗിച്ച്‌ നിരോധിത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് അനധികൃത വിപിഎന്‍ ഉപയോഗത്തിന് കടുത്ത ശിക്ഷ ലഭിക്കുന്ന കാര്യം ഓര്‍മ്മപ്പെടുത്തുന്നത്.

വിപിഎന്‍ ഉപയോഗിച്ച്‌ ഐ.പി അഡ്രസ് മറച്ചുവെച്ചുകൊണ്ട് നിരോധിത വെബ്സൈറ്റുകളിലേക്ക് കടക്കുന്നത് യുഎഇ സൈബര്‍ നിയമപ്രകാരം കടുത്ത കുറ്റമാണ്. നിരോധിക്കപ്പെട്ട സൈറ്റുകള്‍, അശ്ലീല വെബ്സൈറ്റുകള്‍, ചൂതാട്ടം, ഡേറ്റിംഗ്, വാട്സ്‌ആപ്പ് കോളുകള്‍, വീഡിയോ കോളുകള്‍ എന്നിങ്ങനെ പല ഓണ്‍ലൈന്‍ മേഖലകളിലും എത്തിപ്പെടുന്നതിന് വിപിഎന്‍ (വെര്‍ച്ച്‌വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) ഉപയോഗിക്കുന്നു.

യുഎഇയില്‍ വി പി എന്‍ ആവശ്യക്കാരുടെ എണ്ണം 36% വര്‍ധിച്ചു എന്നാണ് നോര്‍ഡ് സെക്യൂരിറ്റി ഡാറ്റ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടെലി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടേയും, ഗവണ്‍മെന്റിന്റേയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി വിപിഎന്‍ ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്. എന്നാല്‍ നിരോധിത സൈറ്റുകള്‍ ഉപയോഗിക്കുന്നതിനും ഓഡിയോ വീഡിയോ കോളുകള്‍ക്കുമായി അനധികൃതമായി പലരും വിപിഎന്‍ ഉപയോഗിക്കുന്നുണ്ട്.

Leave A Reply