അന്യസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കിയ പ്രതി അറസ്റ്റില്‍

എറണാകുളം: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു പണം കൈക്കലാക്കി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശിയായ മസീബുള്‍ റഹ്‌മാനാണ് അറസ്റ്റിലായത്. ഇതേ കേസില്‍ മുമ്പ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

2021 ഡിസംബര്‍ മാസത്തിലാണ് കേസിനു ആസ്പദമായ സംഭവം. പെരുമ്പാവൂര്‍ ടൗണില്‍ നിന്ന് രാത്രിയില്‍ മൂന്ന് പേര്‍ അടങ്ങിയ സംഘം അസം സ്വദേശിയായ ബാബുല്‍ ഇസ്ലാമിനെ ബലമായി കാറില്‍ കയറ്റി. ദേഹോപദ്രവം ചെയ്ത്, 50000 രൂപ തട്ടിയെടുത്തു. സംഭവത്തില്‍ പെരുന്പാവൂര്‍ സ്വദേശികളായ സാഹിറിനെയും,അജിയെയും നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പങ്കാളിയായിരുന്ന മസീബുള്‍ റഹ്‌മാന്‍ അസമിലേക്ക് ഒളിവില്‍ പോയി.

രാവിലെയോടെ ഇയാള്‍ വിമാനമാര്‍ഗം സംസ്ഥാനത്തേക്ക് എത്തുന്നു എന്നറിഞ്ഞാണ് പെരുന്പാവൂര്‍ പൊലീസ് നെടുമ്പാശ്ശേരിയിലെത്തിയത്.തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സാഹിര്‍ ഇപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ്.അജി ജാമ്യത്തിലും. അറസ്റ്റിലായ മസീബുള്‍ റഹ്‌മാനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Leave A Reply