ബസ് ഉടമയെ അഞ്ചംഗ സംഘം ആക്രമിച്ചതായി പരാതി

ആറ്റിങ്ങല്‍: ബസ് ഉടമയെ അഞ്ചംഗ സംഘം ആക്രമിച്ചതായി പരാതി. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുധീര്‍ ബസ് ഉടമയും ഡ്രൈവറുമായ വക്കം പണയില്‍ കടവ് പാലത്തിന് സമീപം ഷൈന മന്‍സിലില്‍ സുധീറി(46)നെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് സമീപം ഡ്രീംസ് വില്ലയില്‍ ബിജു (36), വെട്ടൂര്‍ അമ്മന്‍ നടക്ക് സമീപം കോണത്ത് വീട്ടില്‍ സനല്‍ (35), അഞ്ചുതെങ്ങ് കൊച്ചു മേത്തന്‍ കടവിന് സമീപം പള്ളിപുരയിടം വീട്ടില്‍ നെല്‍സണ്‍(28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒന്പതിന് വക്കം ചന്തമുക്ക് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു സംഭവം.

സര്‍വീസ് പൂര്‍ത്തിയാക്കിയ ബസ് പമ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തശേഷം ഓട്ടോയിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. ആക്രണത്തില്‍ സുധീറിന്റെ കൈക്ക് വെട്ടേറ്റു. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട മൂന്ന് പ്രതികളെ രാത്രി തന്നെ കടയ്ക്കാവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റു രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. കടയ്ക്കാവൂര്‍ എസ്എച്ച്ഒ വി.അജേഷ്, എസ്‌ഐമരായ എസ്.എസ്.ദീപു, ബി.മാഹീന്‍, കെ.മണിലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

Leave A Reply