“ഒരു മരണത്തെ പോലും സർക്കാരിന് എതിരെ തിരിക്കാനുള നീച ശ്രമം”: പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്.

സംഭവത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ബോധപൂർവം നടത്തിയതാണെങ്കിൽ ഒരു മരണത്തെ പോലും സർക്കാരിന് എതിരെ തിരിക്കാനുള നീച ശ്രമമായി മാത്രമേ അതിനെ കാണാനാകൂയെന്ന് മന്ത്രി പറഞ്ഞു.

എന്തിനാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നതെന്നും റിയാസ് ചോദിച്ചു. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവർത്തനം നടത്തേണ്ടതെന്ന് വിചിത്ര വാദമാണെന്ന് റിയാസ് ചൂണ്ടികാട്ടി. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞതാണെങ്കിൽ തിരുത്തണം, അദ്ദേഹം പറഞ്ഞു.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയിലെ ദേശീയപാതയിൽ ഉണ്ടായ മരണത്തിൽ സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല. അന്ന് പ്രതിപക്ഷവും സർക്കാരും ഒന്നിച്ചു നിന്നു. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ സ്കൂട്ടർ നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വളവിനോട് ചേർന്നുണ്ടായിരുന്ന ഭീമൻ കുഴിയിൽ വീഴുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി.

 

Leave A Reply