വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ പതാക നിര്‍മാണം പുരോഗമിക്കുന്നു

മലപ്പുറം:  സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതാക നിര്‍മാണം അതി വേഗം പുരോഗമിക്കുന്നു. വേങ്ങര ബ്ലോക്കിന് കീഴിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലായി പ്രതിദിനം 1000 ത്തിലധികം ദേശീയ പാതകകളാണ് നിര്‍മിക്കുന്നത്.

കോട്ടക്കല്‍ നന്മ, പറപ്പൂര്‍ കളേഴ്സ്, കൂരിയാട് നേഹ, എ.ആര്‍.നഗര്‍ കാര്‍ത്തിക മയൂരി, ഊരകത്തെ റോയല്‍, ശ്രീ വിനായകന്‍, കണ്ണമംഗലത്തെ ബ്രദേഴ്സ്, സന, ചാരുത എന്നിങ്ങനെ ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളാണ് ദേശീയപതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കുടുംബശ്രീ വേങ്ങര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.സി. മോനിഷ പറഞ്ഞു. ഈ യൂണിറ്റുകളിലെ 45 പേരടങ്ങുന്ന സംഘമാണ് ദേശീയ പതാക നിര്‍മാണത്തിന്റെ ഭാഗമായിട്ടുള്ളത്. ഇതിനോടകം ഏകദേശം മൂവായിരത്തിലധികം പതാകകള്‍ ഇവരുടെ കരവിരുതില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ജൂലായ് 29 മുതല്‍ ആരംഭിച്ച പതാക നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കോട്ടണ്‍, പൊളിസ്റ്റര്‍ എന്നിങ്ങനെ രണ്ടുതരം തുണികളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. തമിഴ്നാട്ടിലെ ഈറോഡ് നിന്നും കൊണ്ടുവരുന്ന തുണികള്‍ വിവിധ അളവുകളില്‍ തൈച്ചെടുത്ത് ഓരോ സ്ഥാപനങ്ങളിലേക്കുമായി കൊടുത്തയയ്ക്കുകയാണ് കുടുംബശ്രീ യൂണിറ്റുകള്‍ ചെയ്യുന്നത്. വീടുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ലഭിച്ച ഓര്‍ഡര്‍ അനുസരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ പതാകകള്‍ കൈമാറുക.

ഓഗസ്റ്റ് പത്തോടെ പതാകകളെല്ലാം വിതരണം ചെയ്യാനാണ് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. അതനുസരിച്ചാണ് പതാകയുടെ നിര്‍മാണം പുരോഗമിക്കുന്നതും. 3:2, 30:20 എന്നിങ്ങനെ രണ്ടു അളവിലാണ് വേങ്ങര ബ്ലോക്കിലെ കുടുംബശ്രീ യൂണിറ്റുകള്‍ ദേശീയ പതാകകള്‍ നിര്‍മിക്കുന്നത്. ഇവയ്ക്ക് ഓരോന്നിനും 20 മുതല്‍ 40 രൂപ വരെയാണ് വിലയീടാക്കുന്നത്.

Leave A Reply