മലപ്പുറത്ത് മാലിന്യം നിറച്ച ചാക്കില്‍പ്പെട്ട സ്വര്‍ണാഭരണവും പണവും വീട്ടമ്മയ്ക്ക് തിരിച്ചുനല്‍കി ഹരിതകര്‍മ്മ സേന

മലപ്പുറം; മലപ്പുറം മമ്പാടില്‍ മാലിന്യം നിറച്ച ചാക്കില്‍പ്പെട്ട സ്വര്‍ണാഭരണവും പണവും വീട്ടമ്മയ്ക്ക് തിരിച്ചുനല്‍കി ഹരിതകര്‍മ്മ സേന മാതൃകയായി. മമ്പാട് വള്ളിക്കെട്ടിലെ കുരുടത്ത് പദ്മിനിക്കാണ് മുക്കാല്‍ പവനോളം വരുന്ന കമ്മലും 12,500 രൂപയും നഷ്ടമായത്.
ഹരിതകര്‍മസേനയ്ക്ക് കൈമാറാനുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കിടയിലായിരുന്നു ആഭരണവും പണവുമടങ്ങിയ പേഴ്സ്.

വെള്ളിയാഴ്ചയാണ് സേനാംഗങ്ങളായ തങ്ക ബാലചന്ദ്രനും ശ്രീദേവി പറമ്പാടനും മാലിന്യങ്ങള്‍ ശേഖരിക്കാന്‍ എത്തിയിരുന്നത്.പേഴ്സ് കാണാതായെന്നത് തിരിച്ചറിഞ്ഞതോടെയാണ് ഇത് മാലിന്യ സഞ്ചികളില്‍പ്പെട്ടിരിക്കാനുള്ള സാധ്യതയുണ്ടാകുമെന്ന് വീട്ടുകാര്‍ ആലോചിക്കുന്നത്. അപ്പോഴേക്കും ഇവ തരംതിരിക്കല്‍ കേന്ദ്രത്തിലെത്തിച്ചിരുന്നു.പിന്നീട് നടത്തിയ തെരച്ചിലിനിനൊടുവിലാണ് പേഴ്സ് കണ്ടെത്തിയത്. പിന്നീട് ഹരിതകര്‍മ്മ സേന ഇത് വീട്ടമ്മയ്ക്ക് കൈമാറുകയായിരുന്നു.

Leave A Reply