ചാത്തന്നൂർ: ബസിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്യസംസ്ഥാന യുവതി പോലീസ് പിടിയിൽ.തമിഴ്നാട് സ്വദേശിനിയായ ചന്ദനമാരി എന്ന യുവതിയാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽനിന്ന് ബസിൽ കൊട്ടിയം ഭാഗത്തേക്ക് യാത്രചെയ്ത സ്ത്രീയുടെ സ്വർണമാല മോഷ്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു യുവതി. മാല പൊട്ടിച്ചെടുക്കുന്നത് ബസിലെ മറ്റൊരു യാത്രക്കാരി കാണാനിടയായതാണ് ഇവരെ പിടികൂടാൻ സഹായമായത്. മാല മോഷ്ടിക്കുന്നത് കണ്ട യാത്രക്കാരി വിവരം അറിയിക്കുന്നതിനിടക്ക് ബസ് ഇത്തിക്കര ഭാഗത്ത് എത്തിയിരുന്നു. യുവതി ഇത്തിക്കരയിൽ ബസിറങ്ങി മാലയുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് യാത്രക്കാരും ചേർന്ന് തടഞ്ഞ് വെച്ച ശേഷം വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. ചാത്തന്നൂർ എസ്.ഐ ആശ വി. രേഖയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ മാല കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.