മേപ്പയ്യൂർ പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി

കോഴിക്കോട് :  മേപ്പയ്യൂരിലെ ക്രാഡിൽ അങ്കണവാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കൂടുതൽ അങ്കണവാടികളെ ക്രാഡിലാക്കി ഉയർത്തിയതിലൂടെ മേപ്പയ്യൂർ പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് ഫണ്ടുപയോ​ഗിച്ച് 18 അങ്കണവാടികളാണ് ക്രാഡില്‍ അങ്കണവാടികളാക്കി ഉയര്‍ത്തിയത്. നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ ചെയ്യുന്നത്. അങ്കണവാടികള്‍ പെയിന്റ് ചെയ്ത് ശിശു സൗഹൃദമാക്കിയതോടൊപ്പം കെട്ടിടത്തിൽ ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍, കളിയുപകരണങ്ങള്‍, സ്മാര്‍ട്ട് ബോര്‍ഡ് എന്നീ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. അങ്കണവാടി കെട്ടിടത്തിന് പുറത്ത് കിഡ്സ് ടര്‍ഫ്, അടുക്കളത്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ക്രാഡില്‍ മെനു പ്രകാരമാണ് കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ പാല്‍, മുട്ട, പയറു വര്‍ഗങ്ങളുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്കണവാടികളിലൂടെ പാലൂട്ടുന്ന അമ്മമാര്‍ക്ക് ന്യൂട്രി മാം, ഗര്‍ഭിണികള്‍ക്ക് ഗ്രാവി പ്രോയും വിതരണം ചെയ്യും.

മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളിലുള്‍പ്പെടുത്തി 27 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 18 അങ്കണവാടികള്‍ ക്രാഡിലാക്കി ഉയര്‍ത്തിയത്. മൂന്ന് അങ്കണവാടികള്‍കൂടി ക്രാഡിലാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി നാല് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

വിനയ സ്മാരക അങ്കണവാടിയില്‍ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ-ശിശു വികസന ഓഫീസർ അബ്ദുൾ ബാരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തം​ഗം സി.എം ബാബു, മേലടി ബ്ലോക്ക് പഞ്ചായത്തം​ഗം മഞ്ഞക്കുളം നാരായണൻ, ഐ.സി.ഡി.എസ് സൂപ്പർ വെെസർ പി.റീന, പഞ്ചായത്തം​ഗങ്ങൾ, സജ്ജം നോഡൽ ഓഫീസർ വി.പി സതീശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വെെസ് പ്രസിഡന്റ് എൻ.പി ശോഭ സ്വാ​ഗതവും അങ്കണവാടി വർക്കർ ലീന നന്ദിയും പറഞ്ഞു.

Leave A Reply