പാലക്കാട്: എക്സൈസ് സർക്കിളും ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും സംയുക്തമായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം കറുപ്പ് പിടികൂടി. രാജസ്ഥാൻ ജോധ്പൂർ സ്വദേശി നാരുറാമിൽ (24) നിന്നുമാണ് കറുപ്പ് പിടികൂടിയത്. ഹിസാർ – കോയമ്പത്തൂ൪ എക്സ്പ്രസിൽ പരിശോധന നടത്തവെ ട്രെയിനിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ്ഫോമിൽനിന്ന് പിടികൂടുകയായിരുന്നു.
രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കറുപ്പ് വാങ്ങി കോയമ്പത്തൂരിൽ ഇയാളുടെ കൂടെ തൊഴിൽ ചെയ്യുന്നവർക്ക് വിൽക്കാൻ കൊണ്ടുവരുന്നതിനിടയിലാണ് പിടിയിലായത്. പ്രതി സമാനമായ കുറ്റം മുമ്പ് ചെയ്തിട്ടുണ്ടോ എന്നും മറ്റുസ്ഥലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എക്സൈസ് അന്വേഷണം നടത്തിവരുകയാണ്. പിടികൂടിയ കറുപ്പിന് ഏഴര ലക്ഷം രൂപ വിലവരും.
പരിശോധനയിൽ ആർപിഎഫ് സി.ഐ എൻ. കേശവദാസ്, എക്സൈസ് സി.ഐ പി.കെ. സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.