തട്ടിപ്പിനെ കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും പണം പിടുങ്ങുന്നത് തുടരുന്നു

മൈസൂർ: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും പണം പിടുങ്ങുന്നത് തുടരുന്നു. ഏറ്റവും ഒടുവിൽ മൂന്നുസംഭവങ്ങളിലായി ഡോക്ടർ, എൻജിനീയർ, വയോധിക എന്നിവർക്ക് നഷ്‌ടമായത് 5,78,974 രൂപ.

​മൈസൂർ നഗരത്തിലെ ഒരു ഡോക്ടർക്കാണ് ഏറ്റവും കൂടുതൽ തുക പോയത്. കുറഞ്ഞ വിലയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ വിൽക്കാമെന്നറിയിച്ച് ബന്ധ​​പ്പെട്ട തട്ടിപ്പുകാരൻ 2,98,979 രൂപയാണ് കവർന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ എൻ.എസ് രവിചന്ദ്രയാണ് തട്ടിപ്പിനിരയായത്. വെങ്കിടേഷ് ഭഗവാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് കുറഞ്ഞ വിലയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകാ​​മെന്ന് അറിയിച്ചത്. ഡോക്ടർ ഓൺ​ലൈനായി 2,98,979 രൂപഅയച്ചുകൊടുത്തതിന് പിന്നാലെ ഇയാൾ മുങ്ങുകയായിരുന്നു.

വീട് വാടകക്ക് ന​ൽകാമെന്ന് പരസ്യം ചെയ്ത എൻജിനീയറാണ് രണ്ടാമതായി വഞ്ചിക്കപ്പെട്ടത്. രൂപനഗർ സ്വദേശിയായ എം. ചന്ദ്രശേഖർ തന്റെ വീട് വാടകയ്ക്ക് ഉണ്ടെന്ന് പറഞ്ഞ് പരസ്യം നൽകിയിരുന്നു. മിലിട്ടറിയിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച അജ്ഞാതൻ വീട് വാടകയ്ക്ക് എടുക്കാമെന്നറിയിച്ച് ചന്ദ്രശേഖറിനെ ബന്ധപ്പെടുകയും അക്കൗണ്ടിൽ നിന്ന് 99,995 രൂപ അടിച്ചുമാറ്റുകയായിരുന്നു.

വിദ്യാരണ്യപുരം സ്വദേശിനിയായ വീരശൈലജ എന്ന 67കാരിയാണ് തട്ടിപ്പിന് ഇരയായ മറ്റൊരാൾ. വൈദ്യുതി ബിൽ അടക്കണമെന്നാവശ്യപ്പെട്ട് ഇവർക്ക് മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചിരുന്നു. ഈ ഫോൺ നമ്പറിലേക്ക് വീരശൈലജ തിരിച്ച് വിളിച്ചപ്പോൾ, ഫോൺ എടുത്തയാൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ശേഷം 10 രൂപ ട്രാൻസ്ഫർ ചെയ്യാനും നിർദേശിച്ചു. ഇതുപ്രകാരം ചെയ്തതിനുപിന്നാലെ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.80 ലക്ഷം രൂപ അജ്ഞാതൻ അടിച്ചുമാറ്റുകയായിരുന്നു.

Leave A Reply