കാഞ്ഞങ്ങാട്: ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ക്ലീൻ ഓപറേഷൻ കാസർകോട്’ ലക്ഷ്യത്തിലേക്ക്. വീര്യമേറിയ എം.ഡി.എം.എ മയക്കുമരുന്ന് വിതരണ-കടത്ത് സംഘത്തിന്റെ വേരറുക്കുകയാണ് പൊലീസ് പരിശോധനയിലൂടെ. ജില്ലയിൽ പിടിമുറുക്കിയ മയക്കുമരുന്ന് ലോബിക്കുമേൽ ആധിപത്യമുണ്ടാക്കാൻ ഒരു മാസത്തിനിടെ ഓപറേഷന് സാധിച്ചു. കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ബേക്കൽ, മേൽപറമ്പ പൊലീസ് സ്റ്റേഷനുകളിലായി ഒരാഴ്ചക്കിടെ ഒമ്പത് മയക്കുമരുന്ന് അറസ്റ്റുകൾ രേഖപ്പെടുത്തി. ഒരാഴ്ചക്കിടെ 40 കഞ്ചാവ് കേസുകൾ ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്തു.
ഹോസ്ദുർഗ് പൊലീസ് അറുപത് കഞ്ചാവ് കേസുകൾ പിടികൂടി. മയക്കുമരുന്ന് ഉപയോഗം വർധിച്ചതോടെ കടത്തുകാരുടെയും ഇടനിലക്കാരുടെയും എണ്ണം പെരുകി. പൊലീസ് ആദ്യമൊക്കെ അവഗണിച്ചത് മയക്കുമരുന്ന് സംഘത്തിന് നേട്ടമായി മാറി.
പൊലീസ് ഉണർന്നപ്പോഴേക്കും കാര്യങ്ങൾ പിടിവിട്ട അവസ്ഥയിലുമെത്തി. ഒരു ഗ്രാം എം.ഡി.എം.എക്ക് 4000 രൂപ മുതൽ 5000 രൂപ വരെയാണ് ആവശ്യക്കാരിൽനിന്ന് ഇടനിലക്കാർ ഈടാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് അതിരഹസ്യമായാണ് ജില്ലയിലേക്ക് മയക്കുമരുന്ന് ഒഴുകിയെത്തുന്നത്. ആഴ്ചകളോളം വലവിരിച്ച് നടത്തുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഓരോ മയക്കുമരുന്ന് പ്രതികളെയും കുടുക്കാനാവുന്നത്. പൊലീസ് ഓപറേഷൻ ഫലം കണ്ടുതുടങ്ങിയതോടെ വലിയ ആശ്വാസത്തിലാണ് നാട്.