മദ്യം നൽകിയില്ലെന്ന് ആരോപിച്ച് ബാറിന് മുൻപിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ​ഗുണ്ടകൾ

തിരുവനന്തപുരം: മദ്യം നൽകിയില്ലെന്ന് ആരോപിച്ച് ബാറിന് മുൻപിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ​ഗുണ്ടകൾ. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുൻപിലാണ് വാൾ വീശി ​ഗുണ്ടാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

മദ്യം നൽകാത്തതിന്റെ പേരിൽ ബാറിലെ ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. ബാറുകളുടെ പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷം എത്തിയ ​ഗുണ്ടാ സംഘം ജീവനക്കാരോട് മദ്യം ആവശ്യപ്പെട്ടു. എന്നാൽ ബാറിലെ ജീവനക്കാർ മദ്യം നൽകാൻ കൂട്ടാക്കിയില്ല. ​ഇതിൽ പ്രകോപിതരായാണ് സംഘം വാൾ വീശിയത്.

എകെജി സെൻ്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് ശേഷം തിരുവനന്തപുരം നഗരത്തിൽ പൊലീസ് പട്രോളിംഗും ചെക്കിംഗും രാത്രികാലങ്ങളിൽ സജീവമാണ്. ഇതിനിടെയാണ് ഗുണ്ടകൾ റോഡിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

Leave A Reply