വനിതാ കൗൺസിലർമാരുടെ ഏറ്റുമുട്ടൽ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

മൂവാറ്റുപുഴ: നഗരസഭ ഓഫിസിൽ കോൺഗ്രസ് വനിത കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ അടക്കം രണ്ട് വനിതകൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഗരസഭ വൈസ് ചെയർപേഴ്സൻ സിനി ബിജു, കോൺഗ്രസ് അംഗമായ 14ാം വാർഡ് കൗൺസിലർ ജോയ്സ് മേരി ആന്‍റണി എന്നിവർക്കെതിരെയാണ് 308 അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. ജാമ്യമില്ല വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവർ ആശുപത്രി വിടാതിരിക്കാൻ പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസ്ചാർജ് ആയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് പോലീസ് ലക്ഷ്യം.

കോൺഗ്രസ് വനിത കൗൺസിലറായ പ്രമീള ഗിരീഷ് കുമാറിനെ ആക്രമിച്ച കേസിലാണ് ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. ജോയ്സ് മേരിയുടെ പരാതിയിൽ പ്രമീള ഗിരീഷ് കുമാറിനെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി മറ്റൊരുകേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോയ്സ് മേരി ആന്റണിയും സിനി ബിജുവും ചേർന്ന് നഗരസഭ ഓഫിസിലെ മുറിയിൽ അടച്ചിട്ട് ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രമീളയുടെ പരാതി.എന്നാൽ, പ്രമീള ഗിരീഷ് കുമാർ, തങ്ങളെ മുറിയിലേക്ക് വിളിച്ചു വരുത്തി മർദിക്കുകയായിരുന്നുവെന്നാണ് ജോയ്സ് മേരിയും സിനി ബിജുവും നൽകിയിരിക്കുന്ന പരാതി.

Leave A Reply