ഓട്ടോറിക്ഷയിൽ ഉണ്ടായത് 16 പേർ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഇടയിലാണ് കുട്ടികളെ കുത്തി നിറച്ച് പോകുന്ന ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.  വാഹനം നിർത്തിച്ച് പരിശോധിച്ചപ്പോൾ ഡ്രൈവർ ഉൾപ്പെടെ ഓട്ടോറിക്ഷയിൽ ഉണ്ടായത് 16 പേർ. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് എംവിഡി.

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂർ നോർത്തിലാണ് കുട്ടികളെ കുത്തിനിറച്ച് പോയ ഓട്ടോറിക്ഷ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. 15 സ്കൂൾ കുട്ടികളാണ് ഓട്ടോയിലുണ്ടായത്. ഓട്ടോ റിക്ഷയുടെ രേഖകൾ പരിശോധിച്ചപ്പോൾ ഇതിൻറെ ടാക്‌സ് അടച്ചിട്ടില്ലെന്നും വ്യക്തമായി.

ഇതോടെ 4000 രൂപ പിഴ ചുമത്തി. സുരക്ഷിതമല്ലാതെ വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകി. ഡ്രൈവിങ് ടെസ്റ്റ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച് കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നടപടികൾ ഉ​ദ്യോ​ഗസ്ഥർ സ്വീകരിച്ചു. ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മറ്റ് വാഹനങ്ങളിലൂടെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു.

Leave A Reply