മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ്; ആര്‍ വണ്ണിൽ പണം നിക്ഷേപിച്ചവര്‍ പെരുമ്പാവൂരിലും

പെരുമ്പാവൂര്‍: മണിചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ഓണ്‍ലൈന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചവര്‍ പെരുമ്പാവൂരിലും. ആയിരക്കണക്കിന് പേർ തട്ടിപ്പിന് ഇരയായതായാണ് ലഭിക്കുന്ന വിവരം.

തട്ടിപ്പ് നടത്തിയവരില്‍ പ്രധാനികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെ പണം നഷ്ടപ്പെട്ടവര്‍ ആശങ്കയിലാണ്. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വാടകക്ക് താമസിച്ചിരുന്ന നെല്‍സണ്‍ എന്നയാളാണ് ഇവിടത്തെ പ്രമോട്ടറായി ജോലി ചെയ്തിരുന്നത്. ബിസിനസില്‍ ആളുകളെ ചേര്‍ക്കാന്‍ ഇയാളുടെ കീഴില്‍ മൂന്നുപേര്‍ പ്രവര്‍ത്തിച്ചിരുന്നു. കമ്പനിയുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി സാധാരണക്കാരായ പലരും പണം നിക്ഷേപിക്കുകയായിരുന്നു.

തട്ടിപ്പിന്റെ സൂത്രധാരായ പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും തൃശൂര്‍ സ്വദേശി ബാബുവും കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായതോടെ നെല്‍സ‍െൻറ ഫോണ്‍ സ്വിച്ച്ഓഫാണ്. 11250 രൂപ അടക്കുന്നവര്‍ക്ക് ആറുമാസത്തിന് ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70,000 രൂപയും ആര്‍.പി ബോണസായി 81 ലക്ഷവും ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

നിരവധി പേര്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. വീട്ടമ്മമാരും കുടുംബശ്രീ പ്രവര്‍ത്തകരും ഓട്ടോ ഡ്രൈവര്‍മാരും ഇക്കൂട്ടത്തിൽപെടും. ബാബു പിടിയിലായ വിവരം അറിഞ്ഞ് ചിലര്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ഇവരോട് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് അറിയിച്ചിരിക്കുന്നത്.

Leave A Reply