ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ചു വയസുകാരി ഉൾപ്പെടെ പത്ത് പേർ മരിക്കുകയും 75ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ പ്രദേശങ്ങളിലേക്ക് ഫലസ്തീൻ പോരാളികൾ നിരവധി റോക്കറ്റുകൾ അയച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടു. ഈജിപ്തിന്റെ നേതൃത്വത്തിൽ മധ്യസ്ഥനീക്കവും ഊർജിതമാണ്.
ഗസ്സയിലെ ജനവാസ കേന്ദ്രത്തിനു നേർക്ക് ഇന്നലെ ഉച്ച തിരിഞ്ഞാരംഭിച്ച ഇസ്രായേലിന്റെ വ്യോമാക്രമണം രാത്രിയിലും തുടർന്നു. കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഇസ്ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡിന്റെ കമാൻഡർ തൈസീർ അൽ ജബ്രിയും വധിക്കപ്പെട്ടു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസ നൽകാനുള്ള സംവിധാനം പോലും ആശുപത്രിയിൽ അപര്യാപ്തമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.