കാട്ടാന ശല്യം രൂക്ഷം; ആറളത്തെ കാടുവെട്ടിത്തെളിക്കാൻ 20പേരെ നിയോഗിക്കും

ഇരിട്ടി: കണ്ണൂർ ഇരിട്ടി ആറളം ഫാമിൽ കാട്ടാന പ്രശ്നം പരിഹരിക്കുന്നതിനായി ഫാമിനകത്തെ കാടുവെട്ടിത്തെളിക്കാൻ തീരുമാനം.കണ്ണൂർ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ഫാമിലെ 20 പേരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും സ്വന്തമായി കാടുവെട്ടാനുള്ള യന്ത്രസാമഗ്രികളും നൽകും. പുരുഷൻമാർക്കായിരിക്കും പരിശീലനം നൽകുക. നേരത്തെ ഫാമിലെ എട്ടു വനിതകൾക്ക് പരിശീലനം നൽകിയിരുന്നു. ഇവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും.

മൂന്നുമാസം കൂടുംതോറും ഇവർ ഫാമിലെ കാടുവെട്ടിത്തെളിക്കും.ഇവർക്ക് സർക്കാർ ശമ്പളം നൽകും. ഫാമിലെ കാടുവെട്ടിത്തെളിക്കൽ പ്രവൃത്തി നടക്കാത്ത സമയങ്ങളിൽ പരിശീലനം നേടിയവർക്ക് കൃഷിയടക്കമുള്ള മറ്റു ജോലികൾ കൂടി ചെയ്ത് ഉപജീവനം മാർഗം കണ്ടെത്താനാണ് യന്ത്ര സാമഗ്രികൾ സൗജന്യമായി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട 10 ദിവസത്തെ പരിശീലനം ആഗസ്റ്റ് 16മുതൽ ആറളം ഫാമിൽ ആരംഭിക്കും.

കണ്ണൂർ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.പി. അനൂപ്, വ്യവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടർ സി. രവികുമാർ, കൃഷിവകുപ്പ് അസി.എക്സിക്യൂട്ടീവ് എൻജിനിയർ സുധീർ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply