കേരളത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു

തിരുവനന്തപുരം ∙ മഴ കുറഞ്ഞതിനെത്തുടർന്നു കേരളത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. എന്നാൽ ചൊവ്വ വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരത്തും തീരപ്രദേശത്തും ജാഗ്രത തുടരും.

അതേസമം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കി ഡാം ഇന്നു വൈകിട്ടോടെ തുറന്നേക്കുമെന്നാണു സൂചന. മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഇന്നലെ തുറക്കുകയും ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്യുന്നതിനാൽ ചെറുതോണിയിൽ ജലനിരപ്പ് ഉയരുകയാണ്.

കഴിഞ്ഞ വർഷത്തെക്കാൾ 10 അടിയിലേറെ വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. കഴിഞ്ഞ വർഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു. ഇന്നലെ രാത്രി 7നു ജലനിരപ്പ് 2381.54 അടിയിലെത്തി. ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ടിലെത്തും. തൃശൂരിലെ പെരിങ്ങൽ‍ക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.

Leave A Reply