പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിലും സ്റ്റുഡിയോയിലും മോഷണം; അഞ്ച് ലക്ഷത്തിന്റെ നഷ്ടം

പയ്യന്നൂർ: ടൗണിലെ രണ്ട് സ്ഥാപനങ്ങളിൽ മോഷണം. പഴയ ബസ് സ്റ്റാൻഡിന് സമീപം റോയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന സ്കൈപ്പർ സൂപ്പർ മാർക്കറ്റിലും പെരുമ്പയിലെ മാധവി സ്റ്റുഡിയോയിലുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കവർച്ച നടന്നത്. സൂപ്പർമാർക്കറ്റിലെ പിൻവശത്തെ ചുമർ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ കരുതിയിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവർന്നു.സ്ഥാപനത്തിൽ സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്.കവ്വായി സ്വദേശികളുടെയാണ് സ്ഥാപനം. വെള്ളിയാഴ്ച രാവിലെ സ്ഥാപനം തുറന്ന് ഉടമയും ജീവനക്കാരും അകത്ത് കയറിയപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്.

പെരുമ്പയിൽ പ്രവർത്തിക്കുന്ന ചിറ്റാരികൊവ്വൽ സ്വദേശി കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള മാധവി സ്റ്റുഡിയോയിൽ നിന്ന് ഡിജിറ്റൽ ക്യാമറ, ലെൻസ്, ഫ്ലാഷ് ലൈറ്റ്, മെമ്മറി കാർഡുകൾ, പെൻഡ്രൈവ് തുടങ്ങി രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ കവർച്ച ചെയ്തതായാണ് മറ്റൊരു പരാതി.

സ്റ്റുഡിയോയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറുകയായിരുന്നു. രാത്രിയിലെ കനത്ത മഴയ്ക്കിടെയാണ് കവർച്ച.വിവരമറിഞ്ഞ് പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ. നായരും എസ്.ഐ പി. വിജേഷും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഉടമകളുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Leave A Reply