പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തട്ടികൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടി

എറണാകുളം: പെരുന്പാവൂരിൽ അതിഥി തൊഴിലാളിയെ തട്ടികൊണ്ട് പോയി ഉപദ്രവിച്ച്  പണം തട്ടിയ കേസിൽ, ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായി. അസം സ്വദേശിയായ മസീബുൾ റഹ്മാനാണ് അറസ്റ്റിലായത്. കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു.

2021 ഡിസംബർ മാസത്തിലാണ് സംഭവം. പെരുന്പാവൂർ ടൗണിൽ നിന്ന് രാത്രിയിൽ മൂന്ന് പേർ ചേർന്ന് അസം സ്വദേശിയായ ബാബുൽ ഇസ്ലാമിനെ കാറിൽ ബലമായി കയറ്റി. ദേഹോപദ്രവം ചെയ്ത്, 50000 രൂപ തട്ടിയെടുത്തു. സംഭവത്തിൽ പെരുന്പാവൂർ സ്വദേശികളായ സാഹിറിനെയും,അജിയെയും നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ പങ്കാളിയായിരുന്ന മസീബുൾ റഹ്മാൻ അസമിലേക്ക് ഒളിവിൽ പോയി.

രാവിലെയോടെ ഇയാൾ വിമാനമാർഗം സംസ്ഥാനത്തേക്ക് എത്തുന്നു എന്നറിഞ്ഞാണ് പെരുന്പാവൂർ പൊലീസ് നെടുന്പാശ്ശേരിയിലെത്തിയത്.തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സാഹിർ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.അജി ജാമ്യത്തിലും. അറസ്റ്റിലായ മസീബുൾ റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply