ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം∙ വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകർക്ക് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രം വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കുന്നത്.

നിലവിൽ പട്ടികയിൽ പേരുള്ളയാൾക്കു തന്റെ ആധാർ നമ്പർ തിരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ, വോട്ടർ ഹെൽപ്‌ലൈൻ ആപ് മുഖേനയോ, ഫോം 6 ബിയിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർക്കു ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താം.

നിലവിൽ എല്ലാ വർഷവും ജനുവരി 1 യോഗ്യതാ തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരൻമാർക്കാണു പട്ടികയിൽ പേരു ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്. ഇനി മുതൽ ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1 എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ്സ് പൂർത്തിയാകുന്ന പൗരൻമാർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാം. ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഒരു വാർഷിക പുതുക്കൽ ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ തുടർന്നു വരുന്ന 3 യോഗ്യതാ തീയതികളിൽ (ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1) 18 വയസ്സ് പൂർത്തിയാക്കുന്നവർക്കും പട്ടികയിൽ പേരു ചേർക്കുന്നതിനു മുൻകൂറായി അപേക്ഷ സമർപ്പിക്കാം.

2023ലെ വാർഷിക പുതുക്കൽ ഈയാഴ്ച തുടങ്ങും. ഈ സമയത്തു മുൻകൂറായി ഫോം 6 നൽകാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നു വരുന്ന യോഗ്യതാ തീയതികളിൽ സമർപ്പിക്കാം.

Leave A Reply