റോഡിലെ കുഴിയിൽ വീണു; നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

അങ്കമാലി: ദേശീയപാതയിലെ കുഴിയിൽവീണ് ഇരുചക്ര വാഹന യാത്രികനായ ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എംഎഎച്ച്എസ് സ്കൂളിന് സമീപത്തെ​ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്‍റെ മകൻ എ.എ. ഹാഷിമാണ് (52) മരിച്ചത്.

അങ്കമാലിയിലെ ഹോട്ടൽ ബദ്​രിയ്യ ഉടമയാണ്. ഇന്നലെ രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 10.20ഓടെയായിരുന്നു അപകടം. സ്കൂളിന് സമീപത്തെ കുത്തനെയുള്ള വളവിലെ കുഴിയിൽ​ വീണാണ്​​ മരിച്ചത്​. കനത്ത മഴയിൽ കുഴിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക്​ ആശുപത്രിയിലേക്ക് മാറ്റി.

ദേശീയപാതയിൽ ടാറിങ് പൂർത്തിയാക്കിയശേഷവും മാസങ്ങളായി രൂപംകൊണ്ട ആഴമുള്ള കുഴിയാണിത്. ബൈക്ക് യാത്രികരായ ദമ്പതികളടക്കം നിരവധി യാത്രക്കാർ ഇതിനകം ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടമറിഞ്ഞ് അങ്കമാലിയിൽനിന്ന് ഫയർ ഫോഴ്സും നെടുമ്പാശ്ശേരി പോലീസും സ്ഥലത്തെത്തി. ഭാര്യ: ഷമീന. മക്കൾ: ഹിഷാം, ഹാഷിദ്.

Leave A Reply