കൊച്ചി: ആയുര്‍വേദ മെഡിക്കല്‍ ഓഫിസറെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാംപ്രതി കൊല്ലം അഞ്ചല്‍ സ്വദേശി ശ്യാം ജസ്റ്റിനെയാണ് കോടതി ആറുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.
കോതമംഗലം സ്വദേശിയും ചെറുവത്തൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറുമായിരുന്ന ഡോ. നജീബിനെ തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയില്‍നിന്ന് മൂന്നരലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇയാൾക്കെതിരായ കേസ്. 2006ലാണ് കേസിനാസ്പദമായ സംഭവം. ജാമ്യമെടുത്തശേഷം നാല് പ്രതികളും ഒളിവില്‍ പോവുകയായിരുന്നു. രണ്ടും മൂന്നും നാലും പ്രതികള്‍ പിന്നീട് കോടതിയില്‍ ഹാജരായി വിചാരണ നേരിട്ടു. ഇവരെ കോടതി വെറുതെവിട്ടു. ഒന്നാംപ്രതി ജസ്റ്റിനും കീഴടങ്ങിയതോടെയാണ് കോടതി വിചാരണ നടത്തി ശിക്ഷിച്ചത്.
മോചനദ്രവ്യത്തിനു ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലിന് മൂന്നുവര്‍ഷം തടവും ഭീഷണിപ്പെടുത്തി പണംതട്ടിയതിന് മൂന്നുവര്‍ഷവും വീതമാണ് തടവ് ഒന്നാം പ്രതിയായ ശ്യാം ജസ്റ്റിന് ലഭിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.ടി. ജസ്റ്റിന് ഹാജരായി.