മഴ കുറഞ്ഞതിനെത്തുടർന്ന് കേരളത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു

തിരുവനന്തപുരം∙ മഴ കുറഞ്ഞതിനെത്തുടർന്നു കേരളത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. എന്നാൽ ചൊവ്വ വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 10 സ്പിൽവേ ഷട്ടറുകൾ തുറന്നു. 30 സെന്റീമീറ്റർ വീതം തുറന്ന ഷട്ടറുകളിൽ നിന്നു സെക്കൻഡിൽ 1870 ഘനയടി ജലമാണു തുറന്നുവിട്ടത്. 9 മണിയോടെയാണു ആദ്യ 3 ഷട്ടറുകൾ തമിഴ്നാട് തുറന്നത്. പിന്നാലെ 2 തവണയായി 7 ഷട്ടറുകൾകൂടി ഉയർത്തി.ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

തൃശൂരിലെ പെരിങ്ങൽ‍ക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇടുക്കി ജില്ലയിലെ 6 ഡാമുകൾ തുറന്നു. എറണാകുളത്തു പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് അൽപം താഴ്ന്നു. പീരുമേട്ടിൽ ആദിവാസി ബാലനെ ഒഴുക്കിൽപെട്ട് കാണാതായി, പീരുമേട് ഗ്രാൻപി കോളനിയിൽ താമസിക്കുന്ന ഷൈലയുടെ മകൻ അജിത്ത് (10) കല്ലാർ തോട് മുറിച്ചു കടക്കുന്നതിനിടെയാണ് ഒഴുക്കിൽപെട്ടത്.

Leave A Reply