കൊല്ലം : ട്രെയിനില്‍ കടത്തിയ 10 ലക്ഷം രൂപ വില വരുന്ന പുകയില ഉല്പന്നങ്ങള് പിടികൂടി.ആര്.പി.എഫും എക്സൈസും കൂടി നടത്തിയ സംയുക്ത പരിശോധനയിലാണ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയത്.ബംഗളൂരു കൊച്ചുവേളി എക്സ്പ്രസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയതാണ് പിടികൂടിയ പുകയില ഉല്പന്നങ്ങള്. 150 കിലോ വീതം തൂക്കം വരുന്ന അഞ്ച് പാക്കറ്റുകളില്‍ ആകെ 750 കിലോ പാന്‍മസാലയാണ് ഉണ്ടായിരുന്നത് . ബംഗളൂരുവിരില്‍ നിന്നും ആലപ്പുഴയില്‍ ഇറക്കുന്നതിലേക്കായി ബുക്ക് ചെയ്തിരുന്നവയായിരുന്നു ഇവ. ആലപ്പുഴയിലെ പരിശോധന ഭയന്ന് ഇവ കൊല്ലത്ത് ഇറക്കിയതാണെന്ന് എക്സൈസ് സംശയിക്കുന്നു.
ഉടമസ്ഥന് ഇല്ലാത്ത നിലയില്‍ കണ്ട പാക്കറ്റുകള്‍ ആര്.പി.എഫ് ഉദ്യോഗസ്ഥരും കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവുമാണ് പരിശോധിച്ചത്. പരിശോധനയില്‍ ഇവ നിരോധിത പാന്‍മസാല വിഭാഗത്തില്‍പെടുന്നവയാണെന്ന് ബോധ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം എക്സൈസ് അധികൃതര്‍ പുകയില ഉല്പന്നങ്ങള് ഏറ്റുവാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് എക്സൈസ്, ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിലവില്‍ പിടികൂടിയ ഉല്പന്നങ്ങള് കൊല്ലം ആര്.പി.എഫിന്റെ നിയന്ത്രണത്തില്‍ റെയില്‍വേ പാര്‍സല്‍ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ബി. സുരേഷ് അറിയിച്ചു.പരിശോധനയില്‍ കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ടിനെ കൂടാതെ ആര്.പി.എഫ് സി.ഐ എം.എ. ഗണേശന്, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. രാജു, ആര്.പി.എഫ് എസ്.ഐ വി.വി രാജു, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവ്, അബ്ദുല്‍ വഹാബ്, ആര്.പി.എഫ് എ.എസ്.ഐ ജി. സുരേഷ്, ആര്.പി.എഫ് എച്ച്.സി അബ്ദുല്‍ സലാം, പ്രിവന്റിവ് ഓഫിസര്‍ എം. സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ബി.എല്‍. ബിജോയ്, എക്സൈസ് ഡ്രൈവര്‍ ജി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.