ഓണക്കിറ്റില്‍ ശര്‍ക്കരവരട്ടിയുടെ മാധുര്യവുമായി കുടുംബശ്രീ

ആലപ്പുഴ; സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റില്‍ ഇക്കുറിയും ശര്‍ക്കരവരട്ടിയുടെ മാധുര്യവുമായി കുടുംബശ്രീ. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന കിറ്റില്‍ കുടുംബശ്രീ തയ്യാറാക്കുന്ന ശര്‍ക്കരവരട്ടിയുമുണ്ട്. അഞ്ചുലക്ഷത്തിലേറെ പാക്കറ്റ് ശര്‍ക്കരവരട്ടി ജില്ലയില്‍ വിതരണം ചെയ്യാനാണ് ഓര്‍ഡര്‍ ലഭിച്ചത്.

കുടുംബശ്രീ പങ്കാളിത്തത്തോടെയാണ് കഴിഞ്ഞ ഓണക്കിറ്റില്‍ ശര്‍ക്കര വരട്ടിയും ഉപ്പേരിയും നല്‍കിയത്. രണ്ടരലക്ഷം പാക്കറ്റിനായിരുന്നു ഓര്‍ഡര്‍. ഇത് കൃത്യമായി വിതരണം ചെയ്തതിനാല്‍ ഇത്തവണ ഓര്‍ഡര്‍ ഇരട്ടിയായി. കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 കുടുംബശ്രീ യൂണിറ്റുകളില്‍നിന്നാണ് ശര്‍ക്കരവരട്ടി വിതരണത്തിനായി ഒരുങ്ങുന്നത്.

100 ഗ്രാമിന്റെ പാക്കറ്റാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം ഓര്‍ഡര്‍ ലഭിച്ചതോടെ ഉല്‍പ്പാദനവും പാക്കിങ്ങും തുടങ്ങി. അതീവ സുരക്ഷയോടെ തയ്യാറാക്കുന്ന ശര്‍ക്കരവരട്ടി സപ്ലൈകോ ഡിപ്പോകളിലേക്കാണ് വിതരണത്തിനായി കൈമാറുക. അവിടെനിന്ന് റേഷന്‍ കടകളിലേക്ക് എത്തിക്കും.

Leave A Reply