കോഴിക്കോട്ട് റവന്യൂ വകുപ്പില്‍ തീര്‍പ്പാക്കാനുള്ളത് 1.5 ലക്ഷത്തോളം ഫയലുകള്‍;സെപ്റ്റംബര്‍ 15നകം തീര്‍പ്പാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: ജില്ലയില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ എല്ലാം സെപ്റ്റംബര്‍ 15നകം തീര്‍പ്പാക്കാന്‍ നിര്‍ദേശം നൽകി .തീര്‍പ്പാക്കാനുള്ള ഫയലുകളെപ്പറ്റിയുള്ള അവലോകന യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.റവന്യൂ, പഞ്ചായത്ത്, വിദ്യാഭ്യാസം, സഹകരണം, വ്യവസായം, പട്ടികജാതി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ്, ഫോറസ്റ്റ്, കൃഷി എന്നീ വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ്-താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ വേഗം ഫയല്‍ തീര്‍ത്താലാണ് പൊതുജനങ്ങള്‍ക്ക് ആശ്വാസമാവുകയെന്ന കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു .

കോഴിക്കോട് ജില്ലയിലെ റവന്യൂ ഓഫിസുകളില്‍ മാത്രം മൊത്തം 1,49,436 ഫയലുകളുണ്ട്. ഇതില്‍ 20 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കിയതായി കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന വകുപ്പിന്‍റെ മേധാവികള്‍ ഇതുവരെയുള്ള നടപടികള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ പഞ്ചായത്തുകളില്‍ 50,000 ഫയലുള്ളതില്‍ 32,000 എണ്ണം ഇതിനോടകം തീര്‍പ്പാക്കിയെന്നാണ് കണക്ക്. ഇത് 60 ശതമാനത്തിനു മുകളിലാണ് . ജില്ല വ്യവസായകേന്ദ്രത്തില്‍ 4182 ഫയലില്‍ 13 ശതമാനമേ തീര്‍ക്കാനായുള്ളൂ. ജില്ല ഫോറസ്റ്റ് ഓഫിസ് പരിധിയില്‍ 3786 ഫയലുള്ളതില്‍ തീര്‍ത്തവയുടെ കണക്ക് നല്‍കിയിട്ടില്ല. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷനു കീഴില്‍ 9212 ഫയലില്‍ 2940 എണ്ണം മാത്രമേ തീര്‍പ്പാക്കാനായുള്ളൂ.

Leave A Reply