നോര്‍ക്ക റൂട്ട്‌സ് വഴി ഖത്തറിലേക്ക് റിക്രൂട്ട്‌മെന്റിന് അവസരം

തിരുവനന്തപുരം: ഖത്തര്‍ ആസ്ഥാനമായുളള എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോനുമായി ഖത്തറിലേയ്ക്കുളള തൊഴിലവസരങ്ങള്‍ സംബന്ധിച്ച് ചർച്ച നടന്നു.

നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നോര്‍ക്ക ആസ്ഥാനത്തായിരുന്നു ചര്‍ച്ച.

വിദേശത്തുളള തൊഴില്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്ന മലയാളികള്‍ക്കായി വ്യത്യസ്തമായ ചാനലുകളിലൂടെ റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗത്തിനു ശേഷം പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോകത്തെല്ലായിടത്തുമുളള തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി പ്രൊഫഷണലുകള്‍ക്കും, സ്‌കില്‍ഡ് ലേബേഴ്‌സിനും, അതോടൊപ്പം സാധാരണക്കാരായ തൊഴിലാളികള്‍ക്കുമുളള അവസരങ്ങള്‍ കണ്ടെത്താനാണ് നോര്‍ക്ക ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തറിലെ എ.ബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോന്റെ (ജെ.കെ മേനോന്‍) സന്ദര്‍ശനം.

അദ്ദേഹവുമായുളള ചര്‍ച്ചയില്‍ ഖത്തറില്‍ ഈ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി റിക്രൂട്ട്‌മെന്റ് നടത്താന്‍ ധാരണയായിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കമ്പനിയിലും നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ദോഹയില്‍ ഒരു എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്ത് തൊഴില്‍ അവസരങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കാനും ധാരണയായിട്ടുണ്ട്.

Leave A Reply