‘ആസാദി സാറ്റ്’; സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തിൽ ഉപഗ്രഹം രൂപകല്‍പ്പന ചെയ്ത് 75 സ്കൂളുകളിലെ 750 പെണ്‍കുട്ടികള്‍

ചെന്നൈ: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍, ‘ആസാദി സാറ്റ്’ എന്ന പേരിൽ ഉപഗ്രഹം രൂപകല്‍പ്പന ചെയ്ത് 75 സ്കൂളുകളിലെ 750 പെണ്‍കുട്ടികള്‍.

പെണ്‍കുട്ടികളുടെ കൂട്ടായ്മയില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ഉപഗ്രഹമാണ് ആസാദി സാറ്റ്. സംരംഭത്തിൽ കേരളത്തില്‍ നിന്ന് പങ്കെടുത്തത് മലപ്പുറത്തെ മങ്കട, ചേരിയം ജി.എച്ച്‌.എസില്‍ നിന്നുള്ള കുട്ടികളാണ് .

ആസാദി സാറ്റിനെയും വഹിച്ചുകൊണ്ടുള്ള ഐഎസ്‌ആര്‍ഒയുടെ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി.) ഞായറാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്ന് പുറപ്പെടുമെന്നാണ് റിപ്പോർട്ട്. കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ രൂപകല്‍പ്പന ചെയ്ത എസ്‌എസ്‌എല്‍വിയുടെ ആദ്യ വിക്ഷേപണം ആസാദി സാറ്റിനെ ഭൗമനിരീക്ഷണ ഉപഗ്രഹത്തിനൊപ്പം ഭ്രമണപഥത്തിലെത്തിക്കും.

വിവിധ സംസ്ഥാനങ്ങളിലെ 75 സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള 750 പെണ്‍കുട്ടികളാണ് ശാസ്ത്ര ഗവേഷണ രംഗത്തെ സ്ത്രീ ശക്തിയുടെ പ്രതീകമായി ഉപഗ്രഹം രൂപകല്‍പ്പന ചെയ്തത്.

ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാന്‍സ്പോണ്ടറുകള്‍, ബഹിരാകാശ ഗവേഷണത്തിനുള്ള സാമഗ്രികള്‍, ഉപഗ്രഹത്തിന്‍റെ തന്നെ ഫോട്ടോ എടുക്കുന്നതിനുള്ള സെല്‍ഫി ക്യാമറകള്‍ എന്നിവയുള്‍പ്പെടെ 75 ഉപകരണങ്ങളാണ് ആസാദി സാറ്റിന്‍റെ ഘടകങ്ങള്‍.

Leave A Reply