സഹകരണ രജിസ്ട്രാര്‍ വിളിക്കുന്ന യോഗത്തില്‍ അവിശ്വാസ പ്രമേയവും പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സഹകരണ രജിസ്ട്രാര്‍ വിളിക്കുന്ന യോഗത്തില്‍ അവിശ്വാസ പ്രമേയവും പരിഗണിക്കാമെന്ന് സുപ്രീം കോടതി.

മുന്‍ എം.എല്‍.എ. കെ. ശിവദാസന്‍ നായര്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.  സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെയായിരുന്നു നടപടി.

അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് സഹകരണ സൊസൈറ്റിയുടെ ജനറല്‍ബോഡി യോഗം വിളിക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്ന വിധി സുപ്രീം കോടതി ശരിവക്കുകയായിരുന്നു.

ശിവദാസന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കേരള സഹകരണ സൊസൈറ്റി നിയമത്തിലെ 30 (3) വകുപ്പ് പ്രകാരം സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇങ്ങനെ ചേരുന്ന യോഗത്തില്‍ സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ മാത്രമേ ചര്‍ച്ചചെയ്യാന്‍ പാടുള്ളു എന്ന് ശിവദാസന്‍ നായര്‍ ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രന്‍, അഭിഭാഷകന്‍ പി.എസ്. സുധീര്‍ എന്നിവര്‍ വാദിച്ചു. അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാന്‍ രജിസ്ട്രാര്‍ വിളിച്ചുചേര്‍ക്കുന്ന ജനറല്‍ബോഡി യോഗത്തിന് അധികാരം ഇല്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.

 

Leave A Reply