സമ്പൂര്‍ണ തരിശുരഹിത പഞ്ചായത്താകാനൊരുങ്ങി പരിയാരം

തളിപ്പറമ്പ്; പരിയാരം പഞ്ചായത്തിനെ സമ്പൂര്‍ണ തരിശ് രഹിത പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ഹെക്ടറോളം തരിശ് ഭൂമിയില്‍ നെല്‍ കൃഷിയിറക്കും. ആദ്യഘട്ടത്തില്‍ കുറ്റ്യേരി നടുവയലിലെ ഒരു ഏക്കറില്‍ കൃഷി ആരംഭിച്ചു. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിനെ സമ്പൂര്‍ണ തരിശ് രഹിതമാക്കാന്‍ ഒരുങ്ങുന്നത്.

പഞ്ചായത്ത്, കൃഷിഭവന്‍, കാര്‍ഷിക കര്‍മ്മ സേന, പാടശേഖര സമിതി, കുറ്റ്യേരി ഹൈസ്‌കൂള്‍ കാര്‍ഷിക ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് നടുവയലില്‍ കൃഷിയിറക്കിയത്. 90 ദിവസം കൊണ്ട് കൊയ്യാന്‍ പാകമാകുന്ന നാടന്‍ നെല്‍വിത്താണ് ഉപയോഗിച്ചത്. രണ്ടാംഘട്ടത്തില്‍ അഞ്ച് ഹെക്ടര്‍ തരിശ് ഭൂമിയില്‍ കൃഷിയിറക്കും.

കൃഷിഭവന്റെ നിര്‍ദേശപ്രകാരമാണ് വളപ്രയോഗവും പരിചരണവും നടത്തുക. ഇതിന് മുന്നോടിയായി വയലിലേക്ക് വെള്ളമെത്തിക്കാനുള്ള ജലസേചന സംവിധാനങ്ങള്‍ നവീകരിക്കും. മഴ കാരണം ഒന്നാംവിള മുഴുവനായി ചെയ്യാനായില്ലെങ്കിലും രണ്ടാം വിള നേരത്തേ ചെയ്യാനുള്ള ഒരുക്കത്തിലാണ് കര്‍ഷകരെന്നും വളരെ വേഗത്തില്‍ പഞ്ചായത്തിനെ തരിശ് രഹിതമാക്കുമെന്നും പ്രസിഡണ്ട് ടി ഷീബ പറഞ്ഞു.

 

Leave A Reply