തുടര്‍ച്ചയായി വാഹനം കത്തിക്കുന്ന പ്രതി പിടിയില്‍

അടൂര്‍: അടൂര്‍ നഗരത്തില്‍ പാര്‍ക്കിംഗ് ഏരിയായിലെ തുടര്‍ച്ചയായി വാഹനം കത്തിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.അടൂര്‍, അമ്മകണ്ടകര സ്വദേശിയായ കലാഭവനില്‍, ശ്രീജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്.രണ്ടു ദിവസം മുമ്പ് പുലര്‍ച്ചെ ചേന്നംപള്ളി ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് തീ പിടിച്ചത് വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ അറിയിക്കുകയും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതെ തീ അണക്കാന്‍ സാധിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ അതേ സ്ഥലത്ത്, അപകടത്തില്‍പ്പെട്ടുക്കിടന്ന ഓട്ടോറിക്ഷയും കത്തി നശിച്ചിരുന്നു.

തുടര്‍ച്ചയായ തീപിടിത്ത സംഭവങ്ങളില്‍ സംശയം തോന്നിയ പോലീസ്, അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്ഥലത്തെ ആരാധനാലയങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം, പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ മുന്‍ കുറ്റവാളികളുടെതുമായി താരതമ്യം ചെയ്ത് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

മറ്റുചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമായത്. മാസങ്ങള്‍ക്കു മുമ്പ് അടൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ ടവറിന്റെ മുന്‍വശത്തുള്ള പഴയ ടൗണ്‍ ഹാളിന്റെ സമീപം കിടന്ന കാര്‍ കത്തിനശിച്ചിരുന്നു. ഇതാണ് കത്തിക്കല്‍ പരമ്പരയുടെ തുടക്കം. തുടര്‍ന്ന് ഇതേ സ്ഥലത്ത് കിടന്ന ആംബുലന്‍സ്, ടിപ്പര്‍ എന്നിവ കത്തിനശിച്ചു. സംഭവങ്ങളില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ദിവസങ്ങള്‍ മുമ്പ് ചേന്നംപള്ളിയില്‍ തന്നെ ഒരു ഹിറ്റാച്ചി കത്തിയെങ്കിലും സ്വാഭാവികമായി സംഭവിച്ചതാകാം എന്ന് കരുതി ഉടമസ്ഥന്‍ പോലീസിനെ അറിയിച്ചിരുന്നില്ല. ഈ സംഭവങ്ങളിലെല്ലാം ശ്രീജിത്തിനു പങ്കുള്ളതായി പോലീസ് പറഞ്ഞു.

 

Leave A Reply