മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ്റെ കൊലപാതകം ;അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

 

മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി ചാലിയാർ പുഴയിൽത്തള്ളിയ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ നൽകിയത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോൾ അതോടൊപ്പം ഡിഎൻഎ പരിശോധനാഫലം കൂടി നൽകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട് . കേസിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്.

ഷാബാ ഷെരീഫിൻ്റെ മൃതദേഹം കണ്ടെത്താനായില്ലെങ്കിലും സാഹചര്യ തെളിവുകളും തൊണ്ടി മുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പൊലീസിൻ്റെ നിഗമനം . മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തിൻ്റെ പൈപ്പിൽ കണ്ടെത്തിയ രക്തക്കറ, പുഴയിൽ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച കാറിൽനിന്ന് ലഭിച്ച മുടി തുടങ്ങിയവയാണ് നിർണായക തെളിവുകളായി ലഭിച്ചത് . എന്നാൽ ഇതെല്ലാം ഷാബാ ഷെരീഫിൻ്റേതാണ് എന്ന് തെളിയിക്കണമെങ്കിൽ ഡി.എൻ.എ. പരിശോധന ഫലം കൂടി വരേണ്ടതുണ്ട്.

Leave A Reply