ജിം കോര്‍ബെറ്റ് ദേശീയോദ്യനത്തില്‍ ‘മോദി സര്‍ക്യൂട്ട് ‘ ടൂറിസം പദ്ധതി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയോദ്യനത്തില്‍ ‘മോദി സര്‍ക്യൂട്ട് ‘ ടൂറിസം പദ്ധതി ആരംഭിക്കാൻ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.

2019-ല്‍ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ് ‘എന്ന് അതിജീവന റിയാലിറ്റി ഷോയുടെ ചിത്രീകരണ സമയത്ത് പ്രാധാനമന്ത്രി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാകും പദ്ധതി അവതരിപ്പിക്കുക.

കാലഘട്ടത്തെ സ്വാധീനിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ആളുകള്‍ക്കിടയില്‍ വലിയ താല്‍പ്പര്യം ജനിപ്പിക്കുന്നുവെന്നും ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് ബോര്‍ഡിന്റെ സാഹസിക കായിക വിഭാഗം അഡീഷണല്‍ സിഇഒ കേണല്‍ അശ്വിനി പുണ്ഡിര്‍ ചൂണ്ടിക്കാട്ടി.

2019 ഓഗസ്റ്റില്‍ സംപ്രേഷണം ചെയ്ത പ്രത്യേക എപ്പിസോഡിലാണ് ഗ്രില്‍സിനൊപ്പം മോദിയും പങ്കെടുത്തത്. താല്‍ക്കാലികമായി നിര്‍മ്മിച്ച ചങ്ങാടത്തില്‍ ഇരുവരും കോസി നദി മുറിച്ച്‌ കടന്ന് കടുവ സങ്കേതത്തിലെത്തിയിരുന്നു. താന്‍ സന്ദര്‍ശിച്ച പ്രദേശം ലോകത്തിന്റെ വലിയ വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് അന്ന് മോദി പറഞ്ഞിരുന്നു.മോദി ധ്യാനത്തിലിരിക്കുന്ന ചിത്രമെടുത്ത രുദ്ര ഗുഹ, ചങ്ങാടം തുഴഞ്ഞ ഇടം തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ഇതു സംബന്ധിച്ച്‌ അറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് അറിയിച്ചു. ക്രോയേഷ്യന്‍ സന്ദര്‍ശനത്തിന് ഇടയില്‍ ഗെയിം ഓഫ് ത്രോണ്‍സ് പര്യടനത്തെക്കുറിച്ച്‌ കേട്ടപ്പോഴാണ് ഇത്തരത്തില്‍ മോദി സര്‍ക്യൂട്ടെന്ന ആശയം ഉദിച്ചതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.

അവതാരകന്‍ ബില്‍ ഗ്രില്‍സിനൊപ്പം ചിത്രീകരിച്ച പരിപാടി ഡിസികവറി ചാനലിലാണ് സംപ്രേഷണം ചെയ്തിരുന്നത്.

 

Leave A Reply