വൈത്തിരിയിൽ ഇർഷാദ് ഒളിവിൽ താമസിച്ച ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തി

കോഴിക്കോട്: കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പന്തിരിക്കര സ്വദേശി ഇർഷാദ് ഒളിവിൽ താമസിച്ചത്   വൈത്തിരിയിലെ ലോഡ്‍ജിലായിരുന്നെന്ന് പൊലീസ്. ജൂൺ രണ്ടിന് ഇർഷാദിന്‍റെ സുഹൃത്ത് ഷമീറാണ് ലോഡ്‍ജില്‍ റൂമെടുത്തത്. ഇർഷാദിനെ ലോഡ്ജിൽ എത്തിച്ചത് ജൂൺ 16 നായിരുന്നു  . ചികിത്സയ്ക്ക് എന്ന് പറഞ്ഞാണ് ഇർഷാദും ഷമീറും റൂം എടുത്തത്. പിന്നീട് ജൂലൈ നാലിന് ഉച്ചയ്ക്ക് ഇർഷാദിനെ കാറിലെത്തിയ സംഘം കൂട്ടി കൊണ്ടുപോവുകയായിരുന്നു. പൊലീസ് ലോഡ്ജിൽ എത്തി പരിശോധന നടത്തി. പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ലോഡ്ജ് ഉടമ പറഞ്ഞു.

ജൂലൈ  22 നാണ് ഇര്‍ഷാദിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. അതിനിടെ  ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ പൊലീസിന് നല്‍കിയത് . പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പൊലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ദീപക്കിന്‍റേതെന്ന പേരില്‍ സംസ്കരിച്ച മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പൊലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്‍റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നത് . അതുപ്രകാരം കണ്ടെത്തിയത് ദീപക്കിന്‍റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎൻഎയുമായി ഇർഷാദിന്‍റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

Leave A Reply