ഗതാഗതം തടഞ്ഞ് സ്ഥാപിച്ച ഗേറ്റ് നാട്ടുകാര്‍ പൊളിച്ചു മാറ്റി

മുട്ടം: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിലൂടെ ഗതാഗതം തടഞ്ഞ് ഗേറ്റ് സ്ഥാപിച്ചത് നാട്ടുകാര്‍ പൊളിച്ചു മാറ്റി.മുട്ടം പഞ്ചായത്ത് പ്രദേശത്ത് പച്ചിലാംകുന്നില്‍ നിന്ന് കൊല്ലംകുന്നിലേക്കുള്ള റോഡിലാണ് ചില സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് ഗേറ്റ് സ്ഥാപിച്ച് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത്.ബുധനാഴ്ച്ച രാവിലെയാണ് റോഡിന് കുറുകെയായി ഗേറ്റ് സ്ഥാപിച്ചത് പ്രദേശവാസികള്‍ കാണുന്നത്.ഈ ഗേറ്റാണ് പ്രദേശവാസികള്‍ സംഘടിച്ച് പൊളിച്ച് മാറ്റിയത്.

കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 98.73 ലക്ഷം രൂപ മുടക്കി 2016ല്‍ ടാറിംഗ് പൂര്‍ത്തീകരിച്ച റോഡിന്റെ കുറുകെയാണ് സ്വകാര്യ റോഡാണെന്ന് അവകാശപ്പെട്ട് ചിലര്‍ ഗേറ്റ് സ്ഥാപിച്ചത്.സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് ഗേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച് തൊടുപുഴ തഹസീല്‍ ദാറിനെ പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുട്ടം വില്ലേജ് ഓഫീസര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഗേറ്റ് പൊളിച്ച അവസ്ഥയാണ് കണ്ടത്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് തഹസീല്‍ദാര്‍ക്ക് കൈമാറുമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.

 

Leave A Reply