കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്‍ സംഘര്‍ഷം: പള്ളിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്ത

 

കുന്ദമംഗലം: കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്‍ സംഘര്‍ഷമുണ്ടായി . വ്യാഴാഴ്ച വൈകീട്ട് നാലരക്ക് അസര്‍ നമസ്കാര ശേഷമാണ് എ.പി, ഇ.കെ.വിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ പള്ളിയില്‍ വെച്ച്‌ സംഘട്ടനമുണ്ടായത്. ഇരുവിഭാഗവും നമസ്കാര ശേഷം ചേരിതിരിഞ്ഞ് കൈയാങ്കളിയിലേക്ക് എത്തി. ഇതോടെ കോഴിക്കോട് പൊലീസ് അസി. കമീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സേന പള്ളിയില്‍ കയറി ഇരു വിഭാഗത്തെയും പള്ളിയില്‍നിന്നും പുറത്തിറക്കി മുന്‍വശത്തെ കവാടം അടക്കുകയായിരുന്നു. ഇതിനിടയില്‍ ഇരു വിഭാഗത്തിലുംപെട്ട മൂന്നുപേരെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് മാറ്റി.

ഏറെ കാലമായി അധികാരതര്‍ക്കം നിലനില്‍ക്കുന്ന ഇവിടെ കോടതി വിധി ഇപ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായിട്ടുണ്ടെന്ന് അവകാശപ്പെട്ട് എ.പി. വിഭാഗം പള്ളിയില്‍ പ്രഖ്യാപനത്തിന് മുതിര്‍ന്നപ്പോഴാണ് മറുവിഭാഗം തടഞ്ഞത്. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്.

ഈ മാസം പതിനൊന്നിന് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗം വരെ കാത്തുനില്‍ക്കാനും അതുവരെ മഹല്ല് ഖത്തീബിന് പള്ളി നടത്തിപ്പ് ചുമതല നല്‍കാനുമുള്ള നിര്‍ദേശം ഇരുകൂട്ടരും അംഗീകരിച്ചതോടെ പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞ് പോകുകയായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പള്ളിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Leave A Reply