അട്ടപ്പാടി മധുകൊലക്കേസില്‍ രണ്ട് സാക്ഷികള്‍ ഇന്ന് ഹാജരായില്ല

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്ന് വിസ്താരത്തിന് എത്തേണ്ട രണ്ടു സാക്ഷികളും ഹാജരായില്ല.
ഇരുപത്തിയഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തിയാറാം സാക്ഷി ജയകുമാര്‍ എന്നിവരാണ് വിസ്താരത്തിന് എത്താതിരുന്നത്. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച്‌ മണ്ണാര്‍ക്കാട് എസ്‍സി-എസ്‍ടി കോടതിയില്‍ ഇരുവരും അപേക്ഷ നല്‍കുകയായിരുന്നു. ഇത് പരിഗണിച്ച കോടതി ഇരുവരുടേയും വിസ്താരം ഈ മാസം പത്തിലേക്ക് മാറ്റി. ക്രെയിന്‍ ഡ്രൈവര്‍മാരായ ഇരുവരും സംഭവ ദിവസം അട്ടപ്പാടിയില്‍ പോയെന്നും അവിടെ വച്ച്‌ മധുവിനെയും പ്ലാസ്റ്റിക് ചാക്കില്‍ കുറച്ച്‌ അരിയും മുളക് പൊടിയും കണ്ടെന്നുമാണ് പൊലീസിന് നല്‍കിയ മൊഴി.

അതേസമയം കേസില്‍ വിസ്താരം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് വിചാരണ കോടതി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 31ന് അകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Leave A Reply